പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേഗക്കുതിപ്പിന് വഴിതുറക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്റെ വൻ വിജയത്തിന് പിന്നാലെ, മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള രണ്ട് പുതിയ ട്രെയിൻസെറ്റുകൾ നിർമിക്കാൻ റെയിൽവേ ബോർഡ് അംഗീകാരം നൽകി. സെമി ഹൈസ്പീഡ് ട്രെയിൻ രംഗത്ത് ആഗോള നിലവാരത്തിലേക്ക് ഇന്ത്യയെ എത്തിക്കുന്നതാണ് പുതിയ പദ്ധതി.
നിലവിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ.
എന്നാൽ പുതിയ ട്രെയിനുകൾ ഈ പരിധി 220 കിലോമീറ്ററായി ഉയർത്തും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 കിലോമീറ്റർ വേഗതയിലായിരിക്കും ഇവയുടെ സാധാരണ സർവീസ്.ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) വഴിയാണ് 2027-28 കോച്ച് പ്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഈ ട്രെയിനുകൾ യാഥാർഥ്യമാകുന്നത്.
അതിവേഗ ട്രെയിനുകൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമിക്കുന്നതിനുമുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് നൽകി. ഓരോ ട്രെയിനിലും 16 കോച്ചുകൾ വീതമുണ്ടാകും. ഒരു കോച്ചിന് 27.86 കോടി രൂപ എന്ന കണക്കിൽ 866.87 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്റ്റീൽ ബോഡിയുള്ള കോച്ചുകൾ, പൂർണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സംവിധാനം, അത്യാധുനിക സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഈ ട്രെയിനുകളുടെ പ്രത്യേകതയാണ്.
യാത്രക്കാർക്ക് മെച്ചപ്പെട്ട സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം സമയം ലാഭിക്കാനും പുതിയ ട്രെയിനുകൾ സഹായിക്കും.ബ്രോഡ്ഗേജ് പാതകൾക്കായി പ്രത്യേകം രൂപകൽപന ചെയ്യുന്ന ഈ ട്രെയിനുകൾ അതിവേഗ യാത്രയിൽ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവരിക. ഡിജിറ്റൽ സംവിധാനങ്ങളും മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തി ലോകോത്തര നിലവാരത്തിലാണ് ഇവ ട്രാക്കിലിറങ്ങുക. ഇതോടെ ഇന്ത്യയുടെ അതിവേഗ റെയിൽവേ സ്വപ്നങ്ങൾക്ക് പുതിയ ജീവൻ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
