എടത്വ: ചത്ത താറാവുകളെ പാടത്തും തോടുകളിലും തള്ളുന്നതായി പരാതി. ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലും ഗ്രാമീണ തോടുകളിലുമാണ് താറാവുകള്‍ ചത്ത നിലയില്‍ കാണപ്പെടുന്നത്. തീറ്റയ്ക്കെത്തിക്കുന്ന തറാവുകള്‍ കാലാവസസ്ഥാ വ്യതിയാനം മൂലം ചാകുമ്പോള്‍ ശാസ്ത്രീയമായി സംസ്കരിക്കാതെ പാടത്തും തോടുകളിലും ഉപേക്ഷിച്ച് പോകുന്നതായാണ് നാട്ടുകാരുടെ ആരോപണം.
തോടുകളില്‍ ചത്ത താറാവുകള്‍ ഒഴുകി നടന്ന് ദുര്‍ഗ്ഗന്ധവും ജല മലിനീകരണവും ഉണ്ടാക്കുന്നു. പാടശേഖര പുറംബണ്ടുകളിലെ താമസക്കാര്‍ക്ക് ദുര്‍ഗ്ഗന്ധം മൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം എടത്വ പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ഊരാംവേലില് പാടത്ത് നിരവധി താറാവുകളാണ് ചത്തുചീഞ്ഞളിഞ്ഞ നിലയില്‍ കാണപ്പെട്ടത്. പ്രദേശവാസികള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
കൊയ്ത്ത് കഴിഞ്ഞ ശേഷം ഈ പാടത്ത് തീറ്റയ്ക്ക് താറാവിനെ ഇറക്കിയിരുന്നു. പല സ്ഥലങ്ങളില്‍ നിന്ന് താറാവിനെ തീറ്റയ്ക്ക് എത്തിക്കുന്നതിനാല്‍ ആരുടെയാണെന്ന് കൃത്യമായ വിവരം ശേഖരിച്ചുവരരികയാണ്. കഴിഞ്ഞ ആഴ്ച ചങ്ങങ്കരി തോട്ടിലും നിരവധി താറാവുകള്‍ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്ത് കഴിയുന്നതോടെ താറാവുകളെ പാടത്ത് തീറ്റയ്ക്ക് എത്തിക്കാറുണ്ട്. തദ്ദേശിയര്‍ മാത്രമല്ല വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും കുട്ടനാട്ടില്‍ വരാറുണ്ടെങ്കിലും ഇവരുടെ കൃത്യമായ കണക്കുകള്‍ ആരോഗ്യ വകുപ്പില്‍ ലഭിക്കാറില്ല.പാടശേഖര സമിതികള്‍ ഏക്കറിന് 1000 രൂപ നിരക്കിലാണ് തീറ്റയ്ക്ക് വിട്ടുനല്‍കുന്നത്.
തീറ്റയ്ക്ക് എത്തിക്കുന്ന താറാവുകള്‍ കൂട്ടമായോ ഒറ്റപ്പെട്ടോ ചത്തുപോയാല്‍ താറാവിന്റെ ഉടമകള്‍ ഇവയെ സംസ്കരിക്കാതെ അവിടെത്തന്നെ തള്ളുന്ന രീതിയാണ് പിന്തുടരുന്നത്. ഗ്രാമീണ മേഖലയില്‍ തോടുകളെയാണ് ജനങ്ങള്‍ ഏറെ ആശ്രയിക്കുന്നത്.ചത്ത താറാവുകളെ തോടുകളില്‍ തള്ളുന്നതു മാത്രമല്ല ഇവയുടെ വിസജ്യം തോട്ടില്‍ കലര്‍ന്ന് ജലം മലിനമാകുകയും ചെയ്യാറുണ്ട്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
