ഹരിപ്പാട്: ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം രാത്രി വിവിധയിടങ്ങളിലായി നടന്ന അക്രമങ്ങളിൽ മൂന്നുപേർക്കു പരിക്കേറ്റു. സ്കൂട്ടർ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കം, മദ്യലഹരിയിലുണ്ടായ സംഘട്ടനം, വ്യക്തിവൈരാഗ്യം എന്നിവയാണ് അക്രമങ്ങളിൽ കലാശിച്ചത്. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂട്ടർ നൽകിയില്ല; കുമാരപുരത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം
ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ സ്കൂട്ടർ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്താൽ യുവാവിനെ കഴുത്തിനുകുത്തി കൊലപ്പെടുത്താൻ ശ്രമം നടന്നു. സംഭവത്തിൽ കുമാരപുരം സ്വദേശി അമ്പാടി (22) ക്കെതിരേ ഹരിപ്പാട് പോലീസ് കൊലപാതകശ്രമത്തിനു കേസെടുത്തു. കുമാരപുരം സ്വദേശിയായ സജിത്തിനാണ് (36) ആക്രമണത്തിൽ പരിക്കേറ്റത്.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ കുമാരപുരം പാലകുന്നേൽ ക്ഷേത്രത്തിനു കിഴക്കുവശമുള്ള പറമ്പിലായിരുന്നു സംഭവം. സജിത്തും അമ്പാടിയും ഒരുമിച്ചിരുന്ന് മദ്യപിച്ചതിനു ശേഷം സജിത്തിന്റെ സ്കൂട്ടർ ഉപയോഗിക്കാൻ അമ്പാടി ആവശ്യപ്പെടുകയായിരുന്നു. വാഹനം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ പ്രതി, സജിത്തിനെ അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയുമായിരുന്നു. കുത്തു തടയാൻ ശ്രമിക്കുന്നതിനിടെ സജിത്തിന്റെ കഴുത്തിന്റെ ഇടതുവശത്ത് ആഴത്തിൽ മുറിവേറ്റു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
അയൽവാസിയുടെ വെട്ടേറ്റ് യുവാവിന്റെ കൈക്ക് ഗുരുതര പരിക്ക്
പള്ളിപ്പാട് കോനുമഠം കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന രാജേഷിനാണ് (മല്ലൻ രാജേഷ്) അയൽവാസിയുടെ വെട്ടേറ്റത്. രാജേഷിന്റെ ഭാര്യയും അയൽവാസിയായ കണ്ടിത്ര ഷിബുവും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഭാര്യയെ ആക്രമിക്കാൻ അരിവാളുമായി എത്തിയ ഷിബുവിനെ തടയാൻ ശ്രമിക്കുന്നതിനിടെ രാജേഷിന്റെ കൈത്തണ്ടയ്ക്ക് ആഴത്തിൽ വെട്ടേൽക്കുകയായിരുന്നു.
രാജേഷിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, വധശ്രമക്കേസിൽ പ്രതിയായ ഷിബു സംഭവത്തിനു ശേഷം ഒളിവിലാണ്. മദ്യപിച്ച് സ്ഥിരമായി കലഹമുണ്ടാക്കുന്ന സ്വഭാവക്കാരനാണ് ഷിബുവെന്നു നാട്ടുകാർ പറഞ്ഞു.
“മദ്യപാനി’ എന്നു വിളിച്ചു; യുവാവ് അയൽവാസിയെ കുത്തി
ഹരിപ്പാട്ട് പിണങ്ങിപ്പോയ മകനെ അന്വേഷിച്ചെത്തിയ അമ്മയോട് മകൻ മദ്യപിച്ചു നടക്കുകയാണെന്നു പറഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവ് അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. സിനു എന്നയാൾക്കാണു കുത്തേറ്റത്. അയൽവാസിയായ ഗോകുലാണു പ്രതി.
രാത്രി പതിനൊന്നരയോടെ ഇരുവരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നു വീട്ടിൽ പോയി കത്തിയുമായെത്തിയ ഗോകുൽ സിനുവിന്റെ അടിവയറ്റിൽ കുത്തുകയായിരുന്നു. പരിക്കേറ്റ സിനു വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പ്രതിയായ ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവസമയം ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.മൂന്നു സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
