കൊച്ചി: തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ അഞ്ചോളം ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കൊച്ചി സിറ്റി പോലീസിന്റെ കെ 9 സ്ക്വാഡിലെ കഡാവര്‍ നായകളായ മായയും മര്‍ഫിയും. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് മൃതശരീരാവശിഷ്ടങ്ങള്‍ നായകള്‍ കണ്ടെത്തിയത്.
മണ്ണിനടിയില്‍നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ദ്ധ പരിശീലനം ലഭിച്ച നായകളാണ് മായയും മര്‍ഫിയും. ഇവര്‍ക്ക് 10 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. മണം പിടിച്ച് മൃതദേഹങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ഇവ കുരച്ച് പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും.
എന്നിട്ട് നിലത്ത് ഇരിക്കും. ഇത്തരം കൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പരിശീലന സമയത്ത് ബോള്‍ ആണ് സമ്മാനമായി നല്‍കുന്നത്. ബല്‍ജിയന്‍ മെലനോയ്സ് ഇനത്തില്‍പ്പെട്ട ആറു വയസുകാരായ മായയും മര്‍ഫിയും 2020 മാര്‍ച്ചിലാണ് കേരള പോലീസ് അക്കാദമിയില്‍ പരീശീലനം തുടങ്ങിയത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ കൊച്ചി സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡിലെത്തി.
വിശ്രമമില്ലാതെ മണിക്കുറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും. വയനാട് ദുരന്തം ഉണ്ടായ സമയത്ത് ഇരുവരും ചേര്‍ന്ന് 24 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പെട്ടിമുടിയിലെ ദുരന്തത്തില്‍ എട്ടു മൃതദേഹങ്ങള്‍ മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയത് മായയായിരുന്നു. പോലീസ് അക്കാദമിയില്‍ പരിശീലനം തുടങ്ങി മൂന്നു മാസത്തിനകമാണ് മായ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മായയും മര്‍ഫിയും ചേര്‍ന്നാണ് കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാജമല, ഇലന്തൂര്‍ ഇരട്ട നരബലി എന്നീ സംഭവങ്ങളില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനും ഇവരുണ്ടായിരുന്നു. 2024 ല്‍ ഏപ്രിലില്‍ വടക്കാഞ്ചേരിയില്‍നിന്നു കാണാതായവരെ കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തിലും മൃതദേ ഹം കണ്ടെത്താന്‍ സഹായിച്ചത് മായയും മര്‍ഫിയുമായിരുന്നു.
എന്നാല്‍ വെടിക്കെട്ട് ദുരന്ത മേഖലയിലേക്ക് ഇവ ആദ്യമായാണ് എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥരായ പി. പ്രഭാതും കെ.എം. മനേഷുമാണ് മായയുടെ ഹാന്‍ഡ്ലര്‍മാര്‍. കെ.എസ്. ജോര്‍ജ് മാനുവലും വിനീതുമാണ് മര്‍ഫിയുടെ ഹാന്‍ഡ്ലര്‍മാര്‍. മായയ്ക്കും മര്ഫിക്കുമൊപ്പം ഇടുക്കിയില്‍ നിന്നുള്ള എയ്ഞ്ചല്‍ എന്ന നായയും തെരച്ചിലിനുണ്ട്.
സ്വന്തം ലേഖിക
