നടനും സംവിധായകനുമായ അര്ജുന് സര്‍ജയ്ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം. അര്‍ജുന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രത്തിലെ രംഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനമുയരുന്നത്. മകള്‍ നായികയായ ചിത്രത്തില്‍ സ്ത്രീശരീരത്തെ പ്രദർശനവസ്തുവാക്കുന്ന രീതിയില്‍ ചിത്രീകരിച്ചുവെന്നാണ് ആരോപണം.
അര്ജുന് സംവിധാനം ചെയ്ത് മകള്‍ ഐശ്വര്യ നായികയായി എത്തിയ സിനിമയാണ് സീതാപയനം. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ നായികയുടെ അരക്കെട്ടിന്റെ ക്ലോസ് അപ് ഷോട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതാണ് വിമര്‍ശനത്തിനു കാരണമായത്. ഒരു സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ രംഗം പങ്കുവച്ച് വിമര്‍ശനം ഉന്നയിച്ചത്. അച്ഛന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികയായ മകള്‍ക്കുപോലും സ്ത്രീ ശരീരത്തിന്റെ ഒബ്ജക്ടിഫിക്കേഷനില് നിന്ന് രക്ഷയില്ലെന്നാണു കമന്റുകള്‍.
ആ സീനില്‍ ഈ ഷോട്ടുകള്‍ ഒട്ടും ആവശ്യമില്ലായിരുന്നു. എന്നിട്ടും ഉള്‍പ്പെടുത്തി. കാലങ്ങളായി സ്ത്രീകളെ സിനിമയില്‍ കാഴ്ചവസ്തുവാക്കുന്നുണ്ട്. ഇത് അതിന്റെ മറ്റൊരു ഉദാഹരണം മാത്രം. ഞാന്‍ ഈ സിനിമ തെലുങ്കില്‍ കണ്ടു. തെലുങ്കാണെങ്കിലും മറ്റേതെങ്കിലും ഭാഷയാണെങ്കിലും സ്വന്തം അച്ഛന് സംവിധാനം ചെയ്യുന്ന സിനിമയില്‍ പോലും നടിമാര്‍ക്ക് ഇത്തരം ചിത്രീകരണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല.
2026 ലും ഇങ്ങനെ ചെയ്യേണ്ടിവരുന്നുണ്ടെങ്കില്‍ ഒരു സമൂഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്? ഇപ്പോഴും ഇങ്ങനെയാണ് ചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. സിനിമകളിൽ സ്ത്രീകളെ ലൈംഗികമായി ചിത്രീകരിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ, എന്തുകൊണ്ട് പുരുഷന്മാരെയും അങ്ങനെ ചെയ്യുന്നില്ല?- സോഷ്യൽ മീഡിയയിലെ കമന്റുകൾ ഇങ്ങനെ പോകുന്നു.
കമന്റ് ബോക്സിൽ നായികയെ പിന്തുണച്ചും എതിർത്തും ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. ആ സീനിൽ ഒബ്ജെക്റ്റിഫിക്കേഷൻ ആയി ഒന്നുമില്ല. ഇന്ന് ഇൻസ്റ്റഗ്രാം തുറന്നാൽ നിരവധി പെൺകുട്ടികളും ഇതുതന്നെയാണു ചെയ്യുന്നത്. അതിനർഥം അവർ സ്വയം ഒബ്ജെക്ടിഫൈ ചെയ്യുന്നു എന്നാണോ?’ എന്നാണ് ഒരാൾ കമന്റായി കുറിച്ചിരിക്കുന്നത്. ഇത് അച്ഛൻ- മകൾ പ്രശ്നം മാത്രമല്ലെന്നാണ് ഇൻഫ്ളുവൻസറുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്.
