ടെഹ്റാന്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ ഇറാന് കളിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കുന്നത്.
അമേരിക്ക-ഇസ്രയേല്‍ സഖ്യം ഇറാന് എതിരേ നടത്തുന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന് ഇറാന്റെ ലോകകപ്പ് സാന്നിധ്യം ആശങ്കയിലായിരുന്നു. ലോകകപ്പില്‍ തങ്ങളുടെ ടീം പങ്കെടുക്കുമെന്ന് ഇറേനിയന്‍ സര്‍ക്കാര്‍ വക്താവ് ഇന്നലെ അറിയിച്ചു. ലോകകപ്പിന്റെ കിക്കോഫിലേക്ക് ഇനി 48 ദിനങ്ങളുടെ അകലം മാത്രമാണുള്ളത്.
ഇറ്റലിക്കായി ട്രംപ്
അതേസമയം, ഇറാനു പകരം ഇറ്റലിയെ 2026 ലോകകപ്പില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദൂതന് ഫിഫയോട് ആവശ്യപ്പെട്ടതായി ഫിനാന്‍ഷല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായുള്ള ഇഴടയുപ്പം വര്‍ധിപ്പിക്കാനാണ് ട്രംപിന്റെ ഈ നീക്കമെന്നു വിലയിരുത്തപ്പെടുന്നു.
ഇറാന് യുദ്ധത്തില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രസ്താവനയ്ക്കെതിരേ ട്രംപ് നടത്തിയ വിവാദ പ്രത്യാക്രമണങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ അതൃപ്തിക്കു കാരണമായി. 2014നുശേഷം ഇറ്റലി ഇതുവരെ ഫിഫ ലോകകപ്പ് കളിച്ചിട്ടില്ല.
