ഫ്രാങ്ക്ഫര്‍ട്ട്–ഡല്‍ഹി: നിലവിലുള്ള ഇന്ത്യന്‍ പാസ്പോര്ട്ടുകള് ഇനി ഓര്‍മയാകാന്‍ പോകുന്നു. പുതിയ ഇ പാസ്പോര്ട്ടുകള് ഉടന്‍ തന്നെ നിലവില്‍ വരും. ഇ പാസ്പോര്ട്ടുകള് അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് അറിയിച്ചു. വ്യാജ പാസ്പോര്‍ട്ടുകളുടെ നിര്‍മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഇ പാസ്പോര്‍ട്ട് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇലകട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോര്ട്ടില് വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും രേഖപ്പെടുത്തും. സാധാരണ പാസ്പോര്ട്ടില് നല്കുന്ന വിവരങ്ങള്‍ ഇനി മുതല്‍ ഇലകട്രോണിക് ചിപ്പിലാവും രേഖപ്പെടുത്തുക. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിന് ഇ പാസ്പോര്‍ട്ട് നിര്‍മിക്കാനുള്ള അനുമതി നല്‍കിയതായും ആഗോള തലത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ സെക്യൂരിറ്റി പ്രസിന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് പറഞ്ഞു.
പാസ്പോര്ട്ടില് ഭര്‍ത്താവ്, ഭാര്യ, അച്ഛന്, അമ്മ എന്നിവരുടെ പേരുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കുകയാണ്. എന്നാല്‍ ഇതേപ്പറ്റി ഒന്നും പറയാതെയാണ് ഇലകട്രോണിക് ചിപ്പ് പിടിപ്പിച്ച ഇ പാസ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഗവര്‍മെന്റിന്റെ പുതിയ തീരുമാനം.