ഓരോ ദിവസവും കൊടും ചൂടിൽ വലഞ്ഞ് ആളുകൾ ബുദ്ധിമുട്ടുകയാണ്. പകൽ 11 മുതൽ വൈകുന്നേരം 3 വരെ പുറത്തിറങ്ങരുതെന്നാണ് ജാഗ്രതാ നിർദേശം. എങ്കിൽപ്പോലും ഉപജീവന മാർഗത്തിനായി ആളുകൾക്ക് പുറത്തിറങ്ങേണ്ടി വരുന്നു. പാടത്തും പറന്പിലുമൊക്കെ പണിയെടുക്കുന്നവരോട് പുറത്തിറങ്ങരുതെന്ന് പറഞ്ഞാൽ അനുസരിക്കാൻ പ്രയാസമാണ്.
ഉപ ജീവനമാർഗത്തിനായി പുറത്തിറങ്ങേണ്ടി വരുന്നവരോട് ചൂടത്തിറങ്ങാതെ അകത്ത് ഇരുന്ന് സ്വയം ലോക് ഡൗൺ ആകണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. ചുട്ടുപൊള്ളുന്ന വെയിലിൽ ആളുകൾ വലയുമ്പോഴും അവിടെ നിന്നും മനോഹരമായ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
റോഡരികിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഐസ്ക്രീം നൽകുന്ന ഒരു യുവാവാണ് വീഡിയോയിലൂടെ ആളുകളുടെ ഹൃദയം കവരുന്നത്. ’40 ഡിഗ്രി ചൂട്, ഒരു ഐസ്ക്രീം, ഒരുപാട് പുഞ്ചിരി’ എന്ന തലക്കെട്ടോടെ ലക്ഷ്മൺ ഗോസ്വാമി എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പൊള്ളുന്ന വെയിലിൽ തളർന്നുനിൽക്കുന്ന തൊഴിലാളികൾക്ക് യുവാവ് സ്നേഹത്തോടെ ഐസ്ക്രീം നൽകുന്നു. ഐസ്ക്രിമുമായി വരുന്ന യുവാവിനെ കണ്ട് ആദ്യം അമ്പരന്നെങ്കിലും, അപ്രതീക്ഷിതമായി കിട്ടിയ ഈ കൊച്ചു സമ്മാനത്തിൽ അവരെല്ലാവരും പുഞ്ചിരിയോടെ അയാളോട് നന്ദി പറയുന്നതും വീഡിയോയിൽ കാണാം .
