കോട്ടയം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിധിന് രാജിന്റെ മരണത്തിലെ ദുരൂഹത നീക്കുക, ദന്തല്‍ കോളജിലെ അധ്യാപകരായ ഡോ. റാം ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ കൊലകുറ്റത്തിനു കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംസ്ഥാനത്തെ 52 ആദിവാസി-ദളിത് സംഘടനകള്‍ നേതൃത്വം നല്കുന്ന നിധിന് രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുമെന്ന് നിധിന് രാജ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചില രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനു മുന്നോടിയായി വൈകുന്നേരം ആറിന് ആക്ഷന്‍ കൗണ്‍സില്‍ പ്രകടനങ്ങള്‍ നടത്തും.
ആശുപത്രി, പത്രം, പാല്, ആംബുലന്‍സ്, മാധ്യമങ്ങള്‍ തുടങ്ങിയവയെയും തൃശൂര്‍ വെടിക്കെട്ട് അപകടം നടന്ന പ്രദേശവും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. ശ്രീശുഭാനന്ദ ആശ്രമത്തിലെ തീര്‍ഥാടകര്‍ക്കും സുഗമമായ യാത്ര ഒരുക്കുമെന്നും സമാധാനപരമായ ഹര്‍ത്താല്‍ ആണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും പോലീസ് ബോധപൂര്‍വമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താലിനു ശേഷം കേസ് അട്ടിമറിക്കുകയോ ലോണ്‍ ആപ്പിന്റെ പേരില്‍ പ്രതികളെ രക്ഷപ്പെടുവാന്‍ അനുവദിക്കുകയോ ചെയ്താല്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കൗണ്‍സില്‍ ചെയര്മാന് കെ.കെ. സുരേഷ്, എ.കെ. സജീവ്, കെ. അംബുജാക്ഷന്, പി. ഷണ്മുഖന്, പി.എ. പ്രസാദ്, ഡോ. അറുമുഖം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
