ഗുരുഗ്രാം: ഒരു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. ഫരീദാബാദിലെ ബുധിയ നാലയിലാണ്മൃ തദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി കടന്നുപോയ രണ്ട് സ്കൂൾ കുട്ടികളാണ് മൃതദേഹം കണ്ടത്. തുടർന്ന് കുട്ടികൾ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.
ഉടൻതന്നെ പല്ല പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദ്യം കുട്ടിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷനിൽ ആണ് പ്രതിയെ കണ്ടെത്താനായത്.
ബിഹാറിലെ മധുബനി സ്വദേശിയായ യുവതിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഇവർ ഭർത്താവും മക്കളുമൊത്ത് കഴിഞ്ഞ 10 വർഷമായി ഫരീദാബാദിലാണ് താമസം.
യുവതി വസ്ത്ര നിർമാണ ശാലയിലും ഭർത്താവ് വെൽഡറായും ജോലി ചെയ്യുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
