ഹരിപ്പാട്: ഹരിപ്പാട് -മാവേലിക്കര റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവർക്കു നേരേ ദമ്പതികളുടെ അക്രമം. മർദനത്തിൽ മൂക്കിനു പരിക്കേറ്റ കടുകോയിക്കൽ ബസിലെ ഡ്രൈവർ ബേബി ചാക്കോയെ (51) ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. മൈത്രി ജംഗ്ഷനു സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അശ്രദ്ധമായി ബ സിനു മുന്നിലേക്ക് വെട്ടിച്ചു കയറ്റിയത് ഡ്രൈവർ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായ ദമ്പതികൾ മുട്ടം കുളത്തിന് സമീപം ബൈക്ക് ബസിനു കുറുകെ തടയുകയായിരുന്നു.
തുടർന്ന് ഡ്രൈവിംഗ് സീറ്റിലിരുന്ന ബേബി ചാക്കോയെ ദമ്പതികൾ ചേർന്ന് പുറത്തേക്ക് വലിച്ചിറക്കി. യുവാവും യുവതിയും ചേർന്ന് കൈവശമുണ്ടായിരുന്ന ഹെൽമറ്റുകൾ ഉപയോഗിച്ച് ഡ്രൈവറെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റതിനെത്തുടർന്നാണ് ഇദ്ദേഹത്തിന്റെ മൂക്കിനു പരിക്കേറ്റത്.
സംഭവത്തെത്തുടർന്ന് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. അക്രമം നടത്തിയവർക്കെതിരേ ഡ്രൈവർ കരിയിലകുളങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
