ന്യൂഡൽഹി: ഇന്ധനം ലാഭിക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ നടപ്പാക്കാനൊരുങ്ങി ഡൽഹി സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ഡൽഹിയിലെ എല്ലാ സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ടു ദിവസം വീട്ടിലിരുന്നു ജോലി ചെയ്യണമെന്നാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത നിർദേശം നൽകിയിരിക്കുന്നത്.
ഔദ്യോഗിക മീറ്റിംഗുകളുടെ അന്പതു ശതമാനവും ഓൺലൈനായി നടത്താനാണു മറ്റൊരു തീരുമാനം. ഒപ്പം ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി ഡൽഹി സർക്കാരും എംസിഡിയും ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുമെന്നുമാണു പുതിയ നിർദേശം.
ജീവനക്കാരുടെ യാത്രാബത്ത പത്തു ശതമാനം വർധിപ്പിച്ചതിനൊപ്പം സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി ഇരുപതു ശതമാനമായി കുറച്ചു. അടുത്ത ആറു മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങരുതെന്നും നിർദേശിച്ചു.
സർക്കാർ ജീവനക്കാർക്കായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ സർവീസ് നടത്തുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മന്ത്രിമാരോ സർക്കാർ ഉദ്യോഗസ്ഥരോ അടുത്ത ഒരുവർഷത്തേക്ക് വിദേശയാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. ഒപ്പം പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് മെട്രോ ദിനം, ആഴ്ചയിലൊരിക്കൽ “നോ കാർ’ ദിനം എന്നിവ ആചരിക്കാനും നിർദേശം നൽകി.
