ഇന്ത്യയിലെയും അമേരിക്കയിലെയും കോർപ്പറേറ്റ് ജോലി സംസ്കാരങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു വനിത പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. യുഎസിലെ തൊഴിൽ സാഹചര്യങ്ങളിലെ ഫ്ലെക്സിബിലിറ്റിയും ജീവനക്കാരുടെ വ്യക്തിസ്വാതന്ത്ര്യവുമാണ് ഇവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സരിക യാദവ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. അമേരിക്കയിൽ കുട്ടികളെ സ്കൂളിൽ വിടാനും ഡോക്ടറെ കാണാനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കുമായി ജീവനക്കാർക്ക് അവരുടെ ഓഫീസ് കലണ്ടർ സ്വയം ‘ബ്ലോക്ക്’ ചെയ്യാം. ഈ സമയത്ത് മാനേജറുടെ അനുവാദം വാങ്ങേണ്ടതില്ല, മറ്റാരും മീറ്റിംഗുകൾ നിശ്ചയിക്കുകയുമില്ല.വ്യക്തിപരമായ ആവശ്യങ്ങൾക്കായി കലണ്ടർ ബ്ലോക്ക് ചെയ്യുമ്പോൾ മാനേജർമാർക്ക് അതിന് കൃത്യമായ വിശദീകരണം നൽകേണ്ട സാഹചര്യം യുഎസിൽ ഇല്ല.
ഇന്ത്യയിൽ ഓഫീസ് സമയത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നത് അത്ര എളുപ്പമല്ലെന്നും എപ്പോഴും ചോദ്യം ചെയ്യപ്പെടാമെന്നും സരിക പറയുന്നു. ഓഫീസ് സമയത്ത് പൂർണ്ണമായും അവിടെത്തന്നെ തുടരേണ്ട അവസ്ഥയാണ് പലയിടത്തും. അമേരിക്കയിൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ആളുകൾ വാരാന്ത്യങ്ങളിൽ ജോലി ചെയ്യാറുള്ളൂ, അല്ലാത്തപക്ഷം അവർ ലോഗിൻ ചെയ്യാറില്ല.
ഈ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സംവാദമാണ് നെറ്റിസൺസ് ആരംഭിച്ചിരിക്കുന്നത്. പ്രതികരണങ്ങൾ പ്രധാനമായും രണ്ട് തട്ടുകളിലാണ്. കൂടുതൽ സമയം ഓഫീസിൽ ഇരുന്നാൽ കൂടുതൽ ജോലി നടക്കും എന്ന ഇന്ത്യൻ കോർപ്പറേറ്റുകളുടെ ചിന്താഗതി തെറ്റാണെന്ന് പലരും കുറിച്ചു. ഇന്ത്യയിൽ രാത്രി വൈകിയും മീറ്റിംഗുകൾ തുടരുന്നതും, വ്യക്തിപരമായ ജീവിതത്തിന് സമയം കിട്ടാത്തതും ജീവനക്കാരിൽ കടുത്ത ‘ബേൺഔട്ട്’ ഉണ്ടാക്കുന്നുവെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നു.
