കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് ജില്ലയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകർ. കോൺഗ്രസിന്റെ പോഷക സംഘടനയായ ഐഎൻടിയുസി ഉള്‍പ്പെടെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.
ജില്ലയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി കോഴിക്കോട് നോര്‍ത്തില്‍ നിന്നും ജയിച്ച കെ.ജയന്തും ലീഗിൽ നിന്ന് കുറ്റ്യാടിയില്‍ നിന്ന് വിജയിച്ച പാറക്കൽ അബ്ദുള്ളയും മന്ത്രി പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഇരുവരും പുറത്തായി. അതോടെ ജില്ലയിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായി.
വര്‍ഷങ്ങളായി കോൺഗ്രസിന് എംഎൽഎമാർ ഇല്ലാത്ത ജില്ലയായിരുന്നു കോഴിക്കോട്. എന്നാൽ ഇത്തവണ അഞ്ച് എംഎൽഎമാർ കോൺഗ്രസിനുണ്ട്. അതിനാൽ ജില്ലയിൽ നിന്ന് ഒരു മന്ത്രി അനിവാര്യമാണെന്നും നേതൃത്വം ജില്ലയെ അവഗണിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഇത്തവണ യുഡിഎഫിന് ജില്ലയിൽ മികച്ച വിജയമാണ് ലഭിച്ചത്. 13 സീറ്റിൽ 12ലും മുന്നണി വിജയിച്ചു കയറി. കോൺഗ്രസില്‍ നിന്ന് അഞ്ച് പേര് , ലീഗില്‍ നിന്ന് ആറ് പേര്, വടകരയില്‍ നിന്ന് ആര്‍എംപി നേതാവ് കെ.കെ.രമ എന്നിവരാണ് വിജയിച്ചത്.
മികച്ച വിജയം ജില്ലയിൽ നിന്ന് നേടിക്കൊടുത്തിട്ടും ഒരു മന്ത്രിയെപ്പോലും ലഭിച്ചില്ലെന്നുള്ളതാണ് പ്രവർത്തകരിൽ പ്രതിഷേധത്തിനിടയാക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാരുണ്ടായിരുന്നു. ഇത്തവണ ഒരു മന്ത്രിയെപ്പോലും ജില്ലക്ക് നൽകാത്തത് മികച്ച വിജയത്തിനായി അധ്വാനിച്ച യുഡിഎഫ് പ്രവർത്തകരെ അപമാനിക്കുന്നതിനു തുല്യമാണെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
