പരവൂർ: രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയ്ക്കും ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾക്കും വലിയ ആശ്വാസമേകുന്ന പുതിയ നീക്കവുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടും.
ഇന്ത്യയിലുടനീളം ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ കൃത്യമായി എത്തിക്കുന്നതിനായുള്ള ലാസ്റ്റ് മെയിൽ പാർസൽ സർവീസ് ഡെലിവറി കരാറിലാണ് ഇരുവിഭാഗവും ഒപ്പുവച്ചത്.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് പാർസൽ ഡയറക്ടറേറ്റ് ജനറൽ മാനേജർ നീരജ് കുമാർ , ഫ്ലിപ്കാർട്ട് കൊമേഴ്സ്യൽ ഡയറക്ടർ ഹർവീന്ദർ കപൂർ എന്നിവർ കരാർ ഒപ്പിട്ടു. തപാൽ വകുപ്പ് ചീഫ് ജനറൽ മാനേജർ അദ്നാൻ അഹമ്മദ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഗ്രാമങ്ങളിലേക്കും വിതരണം സുഗമമാകും
രാജ്യത്തെ ഏറ്റവും വിശ്വസനീയവും വിപുലവുമായ തപാൽ ശൃംഖലയെ ഫ്ലിപ്കാർട്ടിന്റെ സാങ്കേതിക മികവുമായി കൂട്ടിയോജിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലും അർധനഗരങ്ങളിലും മാത്രമല്ല, തപാൽ വകുപ്പിന്റെ സഹായത്തോടെ ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ഇനി മുതൽ ഫ്ലിപ്കാർട്ട് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകും.
കരാറിലെ പ്രധാന സവിശേഷതകൾ
ഇന്ത്യയിലുടനീളമുള്ള 1.6 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ വലിയ ശൃംഖല ഫ്ലിപ്കാർട്ട് പാർസലുകൾ എത്തിക്കാൻ ഇനി ഉപയോഗപ്പെടുത്തും. പ്രീപെയ്ഡ് പാർസലുകൾക്ക് പുറമെ ക്യാഷ് ഓൺ ഡെലിവറി സൗകര്യവും, സുരക്ഷിതമായ വിതരണത്തിനായി ഒടിപി അധിഷ്ഠിത വെരിഫിക്കേഷൻ സംവിധാനവും ഉണ്ടാകും. ഉപഭോക്താക്കൾക്ക് തങ്ങളുടെ പാർസലുകൾ എവിടെയെത്തിയെന്ന് തത്സമയം അറിയാനുള്ള സാങ്കേതിക സൗകര്യവും ഒരുക്കും.
വേഗമേറിയ സേവനം
തപാൽ വകുപ്പും ഫ്ലിപ്കാർട്ടും തമ്മിലുള്ള മികച്ച ഏകോപനത്തിലൂടെ വിതരണ സമയം പരമാവധി കുറയ്ക്കാൻ സാധിക്കും. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് അനുസൃതമായി ഒരു മുൻനിര ലോജിസ്റ്റിക്സ് സ്ഥാപനമായി മാറാനുള്ള തപാൽ വകുപ്പിന്റെ ശ്രമങ്ങൾക്ക് ഈ കരാർ വലിയ ഊർജം പകരും. ഒപ്പം തപാൽ വകുപ്പിന്റെ പാർസൽ ബിസിനസ് വരുമാനത്തിൽ വലിയ വർധനയുണ്ടാക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
