നെന്മാറ: വേനൽമഴ ശക്തമായതോടെ പാടശേഖരങ്ങളിൽ ആവശ്യത്തിനു വെള്ളംലഭിച്ചതിനാൽ നെന്മാറ മേഖലയിലെ കാർഷികരംഗം വീണ്ടും സജീവമായി. രണ്ടാംവിള കൊയ്ത്തിനുശേഷം ഉഴുതുമറിച്ച പാടശേഖരങ്ങളിൽ ഒന്നാംവിള നെൽകൃഷിയിറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളാണ് വിവിധ ഭാഗങ്ങളിലുമായി പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി കർഷകർ ഒറ്റഞാർ നടീൽ പദ്ധതിയുമായി ഞാറ്റടി തയാറാക്കുന്ന തിരക്കിലാണ്. ഇടവിട്ടു ലഭിക്കുന്ന മഴയും പാടങ്ങളിൽ വെള്ളംനിറയാൻ തുടങ്ങിയതും കൃഷിക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പൊടിയിൽ നേരിട്ടു വിത്തുവിതയ്ക്കാൻ കഴിയാത്ത അവസ്ഥയും മഴ കൂടിയാൽ കളശല്യം രൂക്ഷമാകുമെന്ന ആശങ്കയും കാരണം ഇത്തവണ പല കർഷകരും പരമ്പരാഗത രീതിയിൽ ഞാറ്റടി ഒരുക്കുന്നതിനാണു മുൻഗണന നൽകുന്നത്.
കഴിഞ്ഞ സീസണുകളിൽ കളനീക്കത്തിനായി കൂലിച്ചെലവ് വൻതോതിൽ ഉയർന്നതും കർഷകരെ ആശങ്കപ്പെടുത്തിയിരുന്നു. അതിനാൽതന്നെ നിയന്ത്രിതമായ രീതിയിൽ നെൽത്തൈ വളർത്തി പിന്നീട് യന്ത്രസഹായത്തോടെ നടീൽ നടത്തുന്നതാണ് കൂടുതൽ ഫലപ്രദമെന്ന വിലയിരുത്തലിലാണു പലരും.
മൂപ്പുകുറഞ്ഞ ‘ഉമ’ ഇനത്തിൽപ്പെട്ട നെൽവിത്തുകളാണ് കൂടുതലായും ഞാറ്റടി തയാറാക്കാൻ ഉപയോഗിക്കുന്നത്.
ചെളിയിൽ പാടം ഉഴുതുമറിച്ച് ചെളി ഉറച്ചശേഷം പ്ലാസ്റ്റിക് ടാർപായി വിരിച്ച് അതിന്മേൽ വിത്തുവിതറിയാണ് ഞാറ്റടി ഒരുക്കുന്നത്. ഏകദേശം 25 മുതൽ 35 ദിവസംവരെ വളർച്ചയെത്തിയ ശേഷം നെൽത്തൈകൾ പറിച്ചെടുത്ത് യന്ത്രസഹായത്തോടെ ഒറ്റഞാർ രീതിയിൽ നടീൽ നടത്തും.
നെന്മാറ കയ്പഞ്ചേരി പാടശേഖരങ്ങളിലാണ് ഇപ്പോൾ വ്യാപകമായി ഞാറ്റടി തയാറാക്കുന്നത്. പ്രദേശത്തെ പ്രമുഖ കർഷകനായ മുരളി ഉൾപ്പെടെ നിരവധിപേർ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഒന്നാംവിള കൃഷിയിറക്കുന്നത്.
ഏകദേശം 50 ഏക്കറിലധികം സ്ഥലത്ത് നെൽകൃഷിയിറക്കുന്ന മുരളി കാലവർഷം ശക്തമായി ലഭിച്ചാൽ ഇത്തവണ മികച്ച വിളവെടുപ്പു സാധ്യമാകുമെന്നും പ്രതീക്ഷ വങ്കുവയ്ക്കുന്നു. അതേസമയം, നടീൽപണികൾക്കും മറ്റു കാർഷിക ജോലികൾക്കുമായി അന്യസംസ്ഥാന തൊഴിലാളികൾ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
വോട്ടുചെയ്യാനായി നാട്ടിലേക്കുപോയ തൊഴിലാളികൾ മടങ്ങിയെത്തിയാൽ സമയബന്ധിതമായി നടീൽ പൂർത്തിയാക്കാൻ കഴിയുമെന്ന ആശ്വാസവും കർഷകർക്കുണ്ട്.
തൊഴിലാളികളുടെ ലഭ്യത കാർഷികപ്രവർത്തനങ്ങളുടെ വേഗത നിർണയിക്കുന്ന പ്രധാന ഘടകമായതിനാൽ മഴ അനുകൂലമായ സാഹചര്യത്തിൽ കൃഷിപ്പണികൾ തടസമില്ലാതെ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
