കായംകുളം: ദേവികുളങ്ങര പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നടന്നുവന്ന കായൽ ഡ്രഡ്ജിംഗ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തരമായി നിർത്തിവയ്ക്കാൻ ജലവിഭവമന്ത്രി മോൻസ് ജോസഫ് ഉത്തരവിട്ടു. സഹകരണ-എക്സൈസ് മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്നാണ് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് ജലവിഭവ മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് കായൽ ഡ്രഡ്ജ് ചെയ്ത് മണ്ണെടുക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ, ഡ്രഡ്ജിംഗ് കാരണം കായൽത്തീരം ഇടിയുന്നതായും സമീപപ്രദേശങ്ങളിലെ കിണറുകൾ ഇടിഞ്ഞുതാഴുന്നതായും വീടുകൾക്ക് വ്യാപകമായ കേടുപാടുകൾ സംഭവിക്കുന്നതായും നാട്ടുകാർ മന്ത്രി എം. ലിജുവിനോട് പരാതിപ്പെട്ടിരുന്നു.
നാട്ടുകാരുടെ പരാതിയെത്തു ടർന്ന് ഇന്നലെ മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. തീരത്തുനിന്നു അകലെ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ഒരു ഡ്രഡ്ജർ മാത്രം ഉപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തണമെന്നും വലിയ വാഹനങ്ങളിൽ മണൽ കൊണ്ടുപോകാൻ പാടില്ലെന്നും ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ സാന്നിധ്യത്തിൽ കമ്പനിക്ക് കർശന നിർദേശം നൽകിയിരുന്നതുമാണ്.
എന്നാൽ, ഈ മാർഗനിർദേശങ്ങളൊന്നും പാലിക്കാതെ കമ്പനി ഡ്രഡ്ജിംഗ് തുടർന്നതോടെ പ്രദേശവാസികൾ വീണ്ടും മന്ത്രി എം. ലിജുവിനെ ബന്ധപ്പെട്ടു. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത്, മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഡ്രഡ്ജിംഗ് അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് മന്ത്രി എം. ലിജു ജലവിഭവ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജിംഗ് പൂർണമായും നിർത്തിവയ്ക്കാൻ ഉത്തരവായിരിക്കുന്നത്.
