കൊച്ചി: മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും പെണ്‍വാണിഭവും നടത്തിയ കേസില്‍ അറസ്റ്റിലായ സിന്ധുവിന്റെ നിയന്ത്രണത്തില്‍ കൂടുതല്‍ ഏജന്റുമാര്‍ ഉണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. മുഖ്യസൂത്രധാരന്‍ മാവേലിക്കര സ്വദേശി ബിലാലി(ശ്രീകുമാര്‍)ല്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ഏജന്റുമാര്‍ക്കായി അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റുമാരുടെ വിശദാംശങ്ങള്‍ ബിലാല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിദേശത്ത് ഉയര്‍ന്ന പ്രതിഫലത്തില്‍ ജോലി, മോഡലിംഗ് രംഗത്തും ഇതുവഴി സിനിമയിലും സീരിലയിലും അവസരം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ബിലാലിന് പുറമേ കേസില്‍ ഇതിനകം അറസ്റ്റിലായ സിന്ധു, പി. മഞ്ജിമ, അലീന എബ്രഹാം എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുളള തയ്യാറെടുപ്പിലാണ് അന്വേഷക സംഘം. വിദേശത്തുള്ള രണ്ട് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അലീനയുടെ ലിവിംഗ് പാര്‍ട്ണറായ ഗുണ്ടാ നേതാവ് ഔറംഗസേബിനെ കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ആരംഭിച്ചു.
