കോട്ടയം: ഓരോ ദിവസവുമുണ്ടാകുന്ന ഇന്ധന വിലവര്‍ധനയില്‍ പമ്പുടമകള്‍ക്കും വലിയ നഷ്ടം. ഓരോ തവണ വില വര്‍ധിക്കുമ്പോഴും 10 – 15 ശതമാനത്തിന്റെ വില്പന കുറവുണ്ടാകുന്നതായി പമ്പുടമകള്‍ പറയുന്നു. ശരാശരി 2000 ലിറ്റര്‍ വില്‍പ്പന നടത്തിയിരുന്ന പമ്പില്‍ 200 – 300 ലിറ്ററിന്റെ വില്പന കുറവാണുണ്ടാകുന്നത്.
തലേന്നുവരെ 100 രൂപയ്ക്കും 500 രൂപയ്ക്കും പെട്രോളും ഡീസലും വാങ്ങിയിരുന്നവര്‍ വില കൂടിയാലും അതേ തുകയ്ക്കു മാത്രമാകും വാങ്ങുക. പണത്തിന്റെ അളവില്‍ കുറവുണ്ടാകില്ലെങ്കിലും വാങ്ങുന്ന ഇന്ധനത്തിന്റെ അളവില്‍ കുറവുണ്ടാകുന്നതു വഴിയാണ് വില്പനയും കുറയുന്നത്. ലിറ്റര്‍ അടിസ്ഥാനത്തില്‍ ലഭിച്ചിരുന്ന കമ്മീഷനിലും പമ്പുടമകള്‍ക്ക് കുറവുണ്ടായത് വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
സമീപകാല വില വര്‍ധനവിലൂടെ 20,000 ലിറ്ററിന്റെ ഒരു ലോഡ് ഇന്ധനം ഇറക്കാന്‍ അധികമായി 1.40 ലക്ഷം രൂപ നീക്കിവയ്ക്കേണ്ടി വരുന്നതായും ഉടമകള്‍ പറയുന്നു. പല ചെറുകിട പമ്പുടമകള്‍ക്കും വന്‍ ബാധ്യതയാണു വില വര്ധനയുണ്ടാക്കിയിരിക്കുന്നത്.വില കൂടിയാലും കമ്മീഷനില്‍ വില വര്ധനയുണ്ടാകില്ലെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഉടമകള്‍ പറയുന്നു. വില വര്‍ധനയുണ്ടാകുന്നതിനൊപ്പം പെട്രോളിയം കമ്പനികള്‍ പല വ്യവസ്ഥകളും കടുപ്പിക്കുന്നതായും പമ്പുടമകള്‍ക്കു പരാതിയുണ്ട്.
ഇപ്പോള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യാന്‍ കമ്പനികള്‍ ഉടമകള്‍ക്ക് അനുവാദം നല്‍കുന്നില്ല. മുമ്പൊക്കെ ഏതാനും ദിവസം ക്രെഡിറ്റ് നല്കിയിരുന്നുവെങ്കില് ഇപ്പോള്‍ മുന്‍കൂര്‍ പണം നല്കിയാല് മാത്രമേ ഇന്ധനം നല്‍കുകയുള്ളൂവെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.ജില്ലയില്‍ ഇരുന്നൂറോളം പമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയും പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
