ചേര്‍ത്തല: കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരികെ നല്കി മാതൃകകാട്ടി. ചേര്‍ത്തല കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിംഗ് സ്കൂള്‍ ഉടമ എ. സജീവ് കുമാറാണ് മാതൃക കാട്ടിയത്.
വ്യാഴാഴ്ച വൈകിട്ടാണ് സജീവ് കുമാറിനു ചേര്‍ത്തല റോക്കി കവലയില്‍ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നും ഒരുപവനോളം വരുന്ന സ്വർണമാല കിട്ടിയത്. പ്രാഥമിക അന്വേഷണത്തില്‍ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ മാല ചേര്‍ത്തല പോലീസ് സ്റ്റേഷനിലെത്തിച്ചു.
തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ അറിയിപ്പിലാണ് മാല പള്ളേച്ചിറ ശ്യാംകുമാറിന്റെ മകന് റോക്കി ശ്യാമിന്റേതാണെന്നറിഞ്ഞത്. മകനെ സ്കൂളില്‍നിന്നും വിളിച്ചുകൊണ്ടുവരുമ്പോഴാണ് മാല നഷ്ടപ്പെട്ടത്.
വീട്ടില്‍ വന്നപ്പോളാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. വെള്ളിയാഴ്ച രാവിലെ ശ്യാംകുമാര്‍ സ്റ്റേഷനിലെത്തി സജീവ്കുമാറില്നിന്നും മാല ഏറ്റുവാങ്ങി. ചേര്‍ത്തല സ്റ്റേഷന് ഓഫീസര്‍ ബി. ഹേമന്ത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ. പ്രമോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്.
