ചേർത്തല: ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം മൂലം നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി.
നഗരസഭ 28-ാം വാർഡിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഹൈവേ പാലത്തിന്റെ നിർമാണത്തിനായി എഎസ് കനാലിന് കുറുകെ നിർമിച്ചിരിക്കുന്ന താത്കാലിക തടയിണ മൂലം കനാലിലെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്നതും കാനകൾ അടഞ്ഞതുമാണ് സ്ഥിതി സങ്കീർണമാക്കുന്നതിനു കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
കനാലിന്റെ തീരത്ത് താമസിക്കുന്ന നിരവധിപ്പേരുടെ വീടുകളിലേക്ക് വെള്ളം കയറി. ഇതോടെ ജനജീവിതം ദുരിതപൂർണമായി. മഴ കൂടുതൽ ശക്തമാകുന്നതോടെ മറ്റു പ്രദേശങ്ങളിലേക്കും വെള്ളം കയറുമെന്ന സ്ഥിതിയാണ്.
വെള്ളക്കെട്ട് ദുരിതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ എഎസ് കനാലിന് കുറുകെയുള്ള താത്കാ ലിക തടയിണ അടിയന്തരമായി പൊളിച്ചുനീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് വാർഡ് കൗൺസിലർ അഖിൽ ആഞ്ഞിലിപ്പാലം അവശ്യപ്പെട്ടു.
