ഇരിങ്ങാലക്കുട: അടിയന്തര സാഹചര്യങ്ങളില്‍ പുലര്‍ച്ചെയെന്നോ, അര്‍ധരാത്രിയെന്നോ വ്യത്യാസമില്ലാതെ സ്ത്രീസുരക്ഷയുറപ്പാക്കി തൃശൂര്‍ റൂറല്‍ പിങ്ക് പോലീസ് സംഘം.
രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് പൂര്‍ണപിന്തുണയും സുരക്ഷിതത്വബോധവും നല്കാന് ഈ പദ്ധതിയിലൂടെ സാധിക്കുന്നു. സംശയകരമായ സാഹചര്യങ്ങളില്‍ ഇടപെട്ടും സഹായം ആവശ്യമുള്ളവര്‍ക്ക് അടിയന്തര പിന്തുണ നല്‍കിയും റൂറല്‍ പരിധിയിലെമ്പാടും പിങ്ക് പോലീസ് സജീവമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രാത്രികാല കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിര്‍ഭയ നിശ വലിയതോതില്‍ സഹായകരമാകുന്നുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി.
രാത്രിയില്‍ സ്ത്രീക്ക് കാവലായി പോലീസ്; സുരക്ഷിതമായി വീട്ടിലെത്തിച്ചു
കാട്ടൂര്‍: രാത്രിയില്‍ വാഹനസൗകര്യമില്ലാതെ വഴിയില്‍ ഒറ്റപ്പെടുകയും പോലീസിന്റെ വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച് നടന്നുപോവുകയും ചെയ്ത സ്ത്രീക്ക് സുരക്ഷയൊരുക്കി പോലീസ് സംഘം.
രാത്രി ഒമ്പതിന് താണിശേരി പെട്രോള്‍പമ്പിന് സമീപം ഒരു സ്ത്രീ ഒറ്റപ്പെട്ടു നില്ക്കുന്നതായി അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ഇആര്‍എസ്എസ്) കണ്ട്രോള് റൂമിലേക്ക് വിവരം ലഭിക്കുകയായിരുന്നു.
ഉടന്‍തന്നെ രാത്രികാല പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ വീട്ടിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനത്തില്‍ കയറാന്‍ അവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും അവര്‍ വാഹനത്തില്‍ കയറാന്‍ തയാറാകാതെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു. ഇതോടെ സ്ത്രീയുടെ സുരക്ഷ മുന്‍നിര്‍ത്തി പോലീസ് സംഘം വാഹനത്തില്‍ ഇവരെ കാവലായി പിന്തുടരുകയും ഒടുവില്‍ സ്വന്തംവീട്ടില്‍ സുരക്ഷിതമായി എത്തിക്കുകയുംചെയ്തു.
