കായംകുളം: വർഷങ്ങൾ പിന്നിട്ടിട്ടും കായംകുളം കായലോര ടൂറിസം പദ്ധതി പൂർത്തിയായില്ല. കായലോര വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നാഥനില്ലാകളരി പോലെയും കാടുകയറിയ നിലയിലുമാണ്. കോടികൾ ചെലവഴിച്ച കായലോര വിനോദ സഞ്ചാര ടൂറിസം പദ്ധതി വിജയകരമാക്കിയെടുക്കാൻ കഴിയാതെ പരാതിയും പരിദേവനവുമായി കഴിയുകയാണ്.
കായലോരത്ത് വിനോദ സഞ്ചാരികൾക്ക് കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി നിർമിച്ച നടപ്പാതകൾക്കു സമീപം ഇപ്പോൾ കാടുകയറിയിരിക്കുകയാണ്. കേന്ദ്ര ടൂറിസം വകുപ്പ് മെഗാ ടൂറിസം വികസനം ലക്ഷ്യമിട്ട് 2013 ജൂലൈ 12നാണ് പദ്ധതി ആവിഷ്കരിച്ചത്. ദേശീയപദ്ധതിയിൽ ആലപ്പുഴ ജില്ലയ്ക്ക് 52.25 കോടി രൂപ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു.
കായംകുളത്ത് മാത്രമായി പദ്ധതിക്ക് 7.83 കോടി രൂപയാണ് അനുവദിച്ചത്.വിനോദസഞ്ചാരികൾക്ക് ബോധവത്കരണകേന്ദ്രം, ഭക്ഷണശാല, ലൈഫ് ഗാർഡിനുവേണ്ടിയുള്ള മുറി, പോലീസ് ബൂത്ത്, കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് ബോട്ട് വാക് വ്യൂ, കുട്ടികൾക്കായി പാർക്ക്, മത്സ്യ കന്യകയുടെ ശിൽപ്പം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമിച്ചത്. മത്സ്യകന്യക ശിൽപ്പം നിറം മങ്ങി പായൽ പിടിച്ചു. കുട്ടികളുടെ പാർക്കിലെ ഉപകരണങ്ങൾ പ്രയോജനമില്ലാതെ കിടക്കുകയാണ്. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കായംകുളം തീരദേശ ടൂറിസം പദ്ധതി ആവിഷ്ക രിച്ചത്.
യുപിഎ സർക്കാരാണ് 7.9 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയത്. കേരള നിയമസഭയിൽ സി.കെ. സദാശിവൻ കായംകുളത്തെ പ്രതിനിധീകരിക്കുമ്പോഴാണ് 2010ൽ കായംകുളം ജലോത്സവത്തിന് ആരംഭം കുറിക്കുന്നത്. തുടർന്ന് 2016,17,18 വർഷങ്ങളിൽ ജലോത്സവം നിർത്തിവെച്ചങ്കിലും പിന്നീട് ചാമ്പ്യൻസ് ബോട്ട് ലീഗായി എല്ലവർഷവും ജലോത്സവം ഇവിടെ നടക്കുന്നുണ്ട്
. കായലോര ടൂറിസം പദ്ധതി പ്രദേശം കാലത്തിനൊത്ത് വളരാത്തത് അനുബന്ധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചു.വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വള്ളംകളിയാണ് ടൂറിസം കേന്ദ്രത്തിലെ പ്രധാന വിനോദപരിപാടി. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് പദ്ധതി പ്രദേശം കൈമാറിയിട്ടും ടൂറിസം പദ്ധതി ലക്ഷ്യത്തിലെത്തിയില്ല.
