ബെൽഫാസ്റ്റ്: സുഡാൻ അഭയാർഥിയുടെ കത്തിയാക്രമണ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിൽ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങൾ അരങ്ങേറി. വംശീയ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ആഫ്രിക്കൻ വംശജരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെൽഫാസ്റ്റ് നഗരത്തിലും വടക്കൻ അയർലൻഡിലെ ഇതരഭാഗങ്ങളിലും ചൊവ്വാഴ്ച രാത്രി മുഖം മറച്ച നൂറുകണക്കിനു പേർ വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടു. പോലീസിനു നേർക്കും ആക്രമണമുണ്ടായി.
തിങ്കളാഴ്ച വൈകുന്നേരം മുപ്പതു വയസുള്ള സുഡാൻ വംശജൻ ഹാദി അലോദിദ് നടത്തിയ ആക്രമണത്തിൽ നാല്പതുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച പോയെന്നാണു പോലീസ് കോടതിയിൽ നല്കിയ റിപ്പോർട്ട്. 2023ൽ ബ്രിട്ടനിലെത്തിയ പ്രതിയെ അഭയാർഥിയായി അംഗീകരിച്ചിരുന്നു. കോടതി ഇയാളെ നാലാഴ്ചത്തേക്കു കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ആക്രമണത്തിനുള്ള പ്രേരണ പോലീസ് പൊതുജനങ്ങളെ അറിയിച്ചിട്ടില്ല. ആക്രമണത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണു പ്രതിഷേധങ്ങളും അക്രമസംഭവങ്ങളുമുണ്ടായത്.
ചൊവ്വാഴ്ച രാത്രിയുണ്ടായ പ്രതിഷേധപ്രകടനങ്ങളിൽ ഒട്ടേറെ കാറുകളും ബസുകളും അഗ്നിക്കിരയായി. രണ്ടു പതിറ്റാണ്ടായി മേഖലയിൽ താമസിച്ചിരുന്ന ആഫ്രിക്കൻ വംശജരുടെ വീടിനു നേർക്കും ആക്രമണമുണ്ടായി. യുക്രെയ്ൻ വംശജരും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടൻ, സ്കോട്ലൻഡിലെ ഗ്ലാസ്ഗോ, എഡിൻബറോ നഗരങ്ങളിലും ചെറിയ തോതിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. ആളുകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു.
