അഹമ്മദാബാദ്: ജോലി സമയത്തിന്റെ കൃത്യത പരിശോധിക്കാൻ ജീവനക്കാർ ബാത്ത്റൂമിൽ പോകുന്ന സമയം ട്രാക്ക് ചെയ്യുകയും കണക്കുകൂട്ടുകയും ചെയ്യുന്ന കമ്പനിയുടെ വിചിത്രമായ പുതിയ പോളിസി തുറന്നുകാട്ടി ഒരു ജീവനക്കാരൻ രംഗത്തെത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.
അഹമ്മദാബാദിലെ ഒരു സ്ഥാപനത്തിൽ 10 മാസമായി ജോലി ചെയ്യുന്ന പ്രൊഫഷണലാണ് തനിക്കുണ്ടായ ദുരനുഭവം
എന്റെ കമ്പനി ഞാൻ ബാത്ത്റൂമിൽ പോകുന്ന സമയം എണ്ണുന്നു എന്ന തലക്കെട്ടിൽ റെഡ്ഡിറ്റിൽ പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കമ്പനി ഈ കർശനമായ നിയമം പെട്ടെന്ന് നടപ്പിലാക്കിയത്.
ബാത്ത്റൂം ബ്രേക്കുകൾക്കായി പരമാവധി 30 മിനിറ്റ് മാത്രമേ അനുവദിക്കൂ എന്ന് കമ്പനി മേധാവികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്ന്, താൻ ഇനി എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഈ ജീവനക്കാരൻ സമൂഹ മാധ്യമങ്ങളിൽ
മറ്റുള്ളവരുടെ ഉപദേശം തേടുകയാണ്.
ഞാൻ കഴിഞ്ഞ 10 മാസമായി ഇവിടെ ജോലി ചെയ്യുന്നു. ഇന്നലെ ഞാൻ ബാത്ത്റൂമിൽ പോയ സമയമെല്ലാം അവർ കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു. ഞാൻ ആകെ 53 മിനിറ്റ് എടുത്തു എന്നാണ് അവർ പറയുന്നത്. എന്നാൽ അവർ അനുവദിക്കുന്ന ശരാശരി പരമാവധി സമയം 30 മിനിറ്റ് മാത്രമാണ്,” ജീവനക്കാരൻ റെഡ്ഡിറ്റ് പോസ്റ്റിൽ കുറിച്ചു.
ഈ അധിക സമയം നികത്തുന്നതിനായി ഓഫീസിൽ 40 മിനിറ്റ് കൂടുതൽ ഇരിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും ഇയാൾ വെളിപ്പെടുത്തി. “ഇത് തികച്ചും യുക്തിരഹിതമാണ്. കഴിഞ്ഞ 10 മാസമായി ഞാൻ ഇതേ രീതിയിലാണ് ബ്രേക്കുകൾ എടുക്കുന്നത്. എന്നാൽ ഇപ്പോൾ പെട്ടെന്നവർക്ക് ഇതിൽ പ്രശ്നം തോന്നിയിരിക്കുന്നു.
താൻ ജോലി ചെയ്യുന്നത് ഒരു ചെറിയ കമ്പനിയിലാണെങ്കിലും, എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാറുണ്ടെന്നും ജീവനക്കാരൻ വ്യക്തമാക്കി. താൻ ബാത്ത്റൂമിൽ പോയി സമയം കളയുകയല്ല എന്ന് തെളിയിക്കാൻ മൊബൈൽ ഫോൺ പോലും ഡെസ്കിൽ വെച്ചിട്ടാണ് പോകാറുള്ളത്.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ, നിരവധി ആളുകളാണ് ജീവനക്കാരന് പിന്തുണയുമായി എത്തിയത്. ജീവനക്കാരൻ സ്വയം ജോലി രാജിവെച്ചു പോകാൻ കമ്പനി മനഃപൂർവ്വം ചെയ്യുന്ന കാര്യങ്ങളാണിതെന്നും, അതിനാൽ എത്രയും പെട്ടെന്ന് പുതിയൊരു ജോലി കണ്ടെത്താൻ നോക്കണമെന്നുമാണ് ഭൂരിഭാഗം പേരും നൽകിയ ഉപദേശം.
