മട്ടന്നൂർ: പാലോട്ടുപള്ളിയിൽ കാർ നിയന്ത്രണംവിട്ടു വൈദ്യുതി തൂണിലിടിച്ച് വീട്ടുപറമ്പിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ അർധരാതി ഒന്നരയോടെയായിരുന്നു അപകടം. കൂത്തുപറമ്പ് ശങ്കരനെല്ലൂരിലെ കടാംകോട് ഹൗസിൽ സി. സായന്ത് രാജ് (26) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന നിർമലഗിരി സ്വദേശി അഭിരാമിനെ (25) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗവ്വഞ്ചേരി സ്വദേശി ഹൃഷിരാജിനെ (25)പ്രഥമ ശുശ്രൂഷ നൽകി വിട്ടു. ഇന്നു പുലർച്ചെ ഒന്നരയോടെ ചാവശേരിയിൽനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പാലോട്ടുപള്ളി പെട്രോൾ പമ്പിന് സമീപത്ത് നിന്നു നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച ശേഷം സമീപത്തെ വീട്ടുപറമ്പിലേക്ക് മറിയുകയായിരുന്നു. മരത്തിലിടിച്ചാണ് കാർ നിന്നത്.
വിവരമറിഞ്ഞ് മട്ടന്നൂരിൽ നിന്നെത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നു പുറത്തെടുത്തത്.
മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സായന്ത് മരിച്ചു.വൈദ്യുതി തൂൺ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുത ബന്ധം തടസപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കാർ പുറത്തെടുത്ത് മട്ടന്നൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.
