തിരുവനന്തപുരം: ബിജെപിയുടെ വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റ്, വീട്ടില്‍ അതിക്രമിച്ച് കയറി പോലീസ് നടത്തിയത് പട്ടിഷോയാണെന്ന് മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്. ശ്രീലേഖ. വട്ടിയൂര്‍ക്കാവ് സിഐ വിപിന്‍ നടത്തിയത് ചീപ്പ് ഹീറോയിസം. സിപിഎമ്മിന്റെ തിരക്കഥയനുസരിച്ചാണ് സിഐ കാര്യങ്ങള്‍ ചെയ്തതെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഭരണം മാറിയിട്ടും പോലീസ് സിപിഎമ്മിന്റെ അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്നു. ജില്ലാ ഭരണകൂടവും സിപിഎമ്മിന്റെ അടിമയായി മാറിയെന്നും ശ്രീലേഖ വ്യക്തമാക്കി.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ എങ്ങനെ ഗുണ്ടയായി?
കഴിഞ്ഞ പത്തു വർഷത്തെ സിപിഎം ദുർഭരണത്തിൽ കേരളത്തിൽ ആകെ സ്റ്റേറ്റ് സ്പോൺസേഡ് ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരേ ധൈര്യപൂർവ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. വട്ടിയൂർക്കാവിൽ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാർക്ക് വേണ്ടി പൊരുതി നിൽക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ പോലീസ് എടുത്തത്.
എല്ലാം സിപിഎം നേതാക്കളുടെ ആജ്ഞ പ്രകാരം. ഇതെല്ലാം അറിയാവുന്ന ജനമാണ് സുഗതനനെ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. അത് സിപിഎമ്മുകാർക്ക് വലിയ തിരിച്ചടിയായി. 25 വാർഡ് ഉള്ള വട്ടിയൂർക്കാവ് മണ്ഡലത്തിൽ 11 എണ്ണം ബിജെപിയും ഒന്‍പത് എണ്ണം കോൺഗ്രസ്സും കൊണ്ടുപോയത് അവിടെയുള്ള സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം കാരണമായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഞാൻ സ്ഥാനാർഥി ആണെന്നറിഞ്ഞപ്പോൾ തുടങ്ങി പോലീസ് എനിക്കെതിരെയും എടുത്തല്ലോ രണ്ടു കള്ള കേസുകൾ?കേരളത്തിൽ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല. ഇപ്പോഴും പോലീസും ജില്ലാ അധികാരികളും മറ്റുള്ള ഉദ്യോഗസ്ഥരും ഒക്കെ സിപിഎം പറയുന്നതൊക്കെ അനുസരിക്കുന്ന അടിമകളും വിധേയരുമാണ്.
ജൂൺ ഒന്പതിനു രാതി ഒന്‍പത് മണിക്ക്സിപിഎംനേതാക്കൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു നാടകമാണ് സുഗതന്റെ വീട്ടിനു മുൻപിൽ അരങ്ങേറിയത്. കാപ്പാ പ്രതിയെ ഒരു ലോക മാഫിയ തലവനെയോ, തീവ്രവാദിയെയോ പിടിക്കുന്നതുപോലൊന്നും പോലീസ് ഇതേവരെ ചെയ്തിട്ടില്ല.
വെറും നാലുപേർ മാത്രമുള്ള വീട്ടിൽ ഒരു പ്ലാറ്റൂൺ സായുധ പോലീസുമായി രണ്ടു വാഹനത്തിന്റെ അകമ്പടിയോടെ ചെന്ന് വീട്ടുകാരെ, പ്രത്യേകിച്ച് രണ്ടു കുഞ്ഞുങ്ങളെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി, അവിടെയുള്ള സ്ത്രീയുടെ മീതെ ശാരീരിക ആക്രമണം നടത്തി, അതൊന്നും പോരാതെ, അക്രമാസക്തമായ വലിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാനെന്ന പോലെ ആകാശത്തേക്ക് വെടിയുതിർത്ത് മഫ്റ്റി വേഷത്തിൽ ചീപ്പ് ഹീറോയിസം കാണിച്ച എസ്എച്ച്ഒ വിപിൻ ഒരു കമ്മ്യൂണിസ്റ്റ് പോലീസ് ആണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്?
അയാളെ തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേകമായി ചെങ്ങന്നൂരിൽ നിന്ന് കൊണ്ട് വന്ന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ നിയമിച്ചത് അവിടെ മൂന്നാം വട്ടവും അഡ്വ. വി.കെ. പ്രശാന്തിനെ ജയിപ്പിക്കുക എന്ന ഒരേയൊരു ഉദ്ദേശത്തിനാണ്. അത് ആഭ്യന്തര മന്ത്രിക്ക് അറിയില്ല, പക്ഷെ ആരോഗ്യ മന്ത്രിക്ക് അറിയാം.
സുഗതൻ ഗുണ്ടയല്ല, ഒരു ജനപ്രതിനിധിയാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെയല്ലാതെ ഒരാൾക്കും എതിരെ സുഗതൻ പ്രതികരിച്ചിട്ടില്ല. സഹായിച്ചിട്ടേ ഉള്ളൂ.ഇതൊന്നും ഇപ്പോഴും സിപിഎം വിധേയത്വം വിട്ടു മാറാത്ത ഒരു പോലീസുകാരും സർക്കാരിനെ അറിയിക്കാൻ പോകുന്നില്ല.
അതുകൊണ്ടാണ് എനിക്ക് പറയേണ്ടി വന്നത്. ഇത്തരം പട്ടിഷോ നടത്തി ജനസേവകരെ പീഡിപ്പിക്കുന്ന പോലീസിനെ അഭിനന്ദിക്കുന്ന ആഭ്യന്തര മന്ത്രി കോൺഗ്രസ് അല്ല, ഇണ്ടി മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനം ധരിച്ചാൽ അതിൽ അതിശയപ്പെടേണ്ടതില്ല.
