പണ്ടൊക്കെ പാസ്പോർട്ട് പുതുക്കി കിട്ടുമ്പോൾ പേരും വിലാസവും കൃത്യമാണോ എന്ന് മാത്രമാണ് നമ്മൾ നോക്കാറുള്ളത്. എന്നാൽ ഇന്ന് സാങ്കേതികവിദ്യ മാറിയതോടെ പാസ്പോർട്ടിന്റെ രൂപത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. അത്തരത്തിൽ, സ്ഥിരമായി യാത്ര ചെയ്യുന്നവർക്കിടയിൽ സാധാരണയായി ഉണ്ടാകാറുള്ള ഒരു കൗതുകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
പൂജ എന്ന യുവതി തന്റെ പുതുക്കിയ പാസ്പോർട്ടിന്റെ കവറിൽ കണ്ട ഒരു ചെറിയ സ്വർണ്ണ ചതുരക്കട്ട ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ പഴയ പാസ്പോർട്ടിൽ ഇല്ലാതിരുന്ന ഈ പ്രത്യേക ചിഹ്നം എന്തിനുള്ളതാണെന്ന് അറിയാതെ അവർ സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം പങ്കുവെക്കുകയായിരുന്നു.
എന്റെ പാസ്പോർട്ട് പുതുക്കി ലഭിച്ചപ്പോഴാണ് താഴെയായി കാണുന്ന ആ വിചിത്രമായ ചെറിയ ചതുരം ശ്രദ്ധയിൽപ്പെട്ടത്. രസകരമായ കാര്യം, എന്റെ പഴയ പാസ്പോർട്ടിൽ ഇത് ഉണ്ടായിരുന്നില്ല എന്നതാണ്. ഇതെന്താണെന്ന് ആലോചിച്ച് ഞാൻ കുറേ നേരം അതിലേക്ക് തന്നെ നോക്കിയിരുന്നു. ഇത് പുതിയ എന്തെങ്കിലും സുരക്ഷാ ഫീച്ചറാണോ? അതോ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ട്രാക്കിംഗ് കോഡാണോ? അതോ മറ്റെന്തെങ്കിലും, തന്റെ സംശയത്തോടൊപ്പം പൂജ പാസ്പോർട്ടിന്റെ ചിത്രവും എക്സിൽ പങ്കുവെച്ചിരുന്നു.
പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായതോടെ, കാര്യത്തെക്കുറിച്ച് അറിവുള്ള നിരവധി യാത്രികരും സാങ്കേതിക വിദഗ്ധരും മറുപടികളുമായി രംഗത്തെത്തി. ആ സ്വർണ്ണ ചതുരം മറ്റൊന്നുമല്ല, അതൊരു അന്താരാഷ്ട്ര ബയോമെട്രിക് ചിഹ്നമാണെന്ന് അവർ വ്യക്തമാക്കി. ഈ ചിഹ്നമുള്ള പാസ്പോർട്ടുകൾക്കുള്ളിൽ ഒരു മൈക്രോചിപ്പ്’ അടങ്ങിയിരിക്കുന്നു എന്നാണ് ഇതിനർത്ഥം.
പഴയ പാസ്പോർട്ടുകൾ പരമ്പരാഗതമായ ഇലക്ട്രോണിക് ഇതര പതിപ്പുകൾ ആയിരുന്നതിനാലാണ് അവയിൽ ഈ ചിഹ്നം ഇല്ലാതിരുന്നത് എന്ന് കമന്റ് ചെയ്തവർ വിശദീകരിച്ചു. അതിർത്തി കടക്കുമ്പോൾ യാത്രക്കാരുടെ വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ കൈമാറാനും പരിശോധിക്കാനും ഈ ചിപ്പിലെ എൻഎഫ്സി അല്ലെങ്കിൽ ആർഎഫ്ഐഡി സാങ്കേതികവിദ്യ സഹായിക്കുന്നു.
ഇന്ത്യ തങ്ങളുടെ പാസ്പോർട്ട് സംവിധാനം ആധുനികവത്കരിക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇ-പാസ്പോർട്ട് സംവിധാനം കൊണ്ടുവന്നത്. ഇന്ന് അന്താരാഷ്ട്ര തലത്തിൽ ഇത്തരം മെഷീൻ റീഡബിൾ രേഖകൾ ഒരു മാനദണ്ഡമായി മാറിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചൂണ്ടിക്കാണിച്ചു. എന്തായാലും പൂജയുടെ ഈ ലളിതമായ ചോദ്യം വിമാനയാത്രക്കാരായ ഒട്ടനവധി ആളുകളുടെ സംശയങ്ങൾ ദൂരീകരിക്കാൻ സഹായിച്ചിരിക്കുകയാണ്.
