തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി വി. ഡി സതീശൻ. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണ് അവർ ചെയ്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി. സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും സതീശൻ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം.
