നെന്മാറ: അയിലൂർ പഞ്ചായത്തിലെ അയിലമുടി മലയുടെ താഴ്വാര പ്രദേശമായ കൈതച്ചിറയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതായി പ്രദേശവാസികൾ.കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ പുലിയുടെ സാന്നിധ്യം സംബന്ധിച്ച റിപ്പോർട്ടുകൾ ആവർത്തിക്കപ്പെടുന്നതിനാൽ നാട്ടുകാരിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം രാത്രിയിൽ വളർത്തുനായ അസാധാരണമായി കുരച്ചതിനെ തുടർന്ന് പുറത്തിറങ്ങി പരിശോധിച്ച പ്രദേശവാസി പുലി ഓടിപ്പോകുന്നതായി കണ്ടതായി പറഞ്ഞു. അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീടിനുമുന്നിൽ പഠിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയും പുലിയെ കണ്ടതായി കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു. ഈ സംഭവങ്ങൾ പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന ആശങ്കയ്ക്ക് കൂടുതൽ ബലം പകരുന്നതായി നാട്ടുകാർ പറയുന്നു.
ആഴ്ചകൾക്കുമുമ്പ് കൈതച്ചിറയിലെ കിഴക്കേൽ ശാന്തയുടെ വീട്ടിലെ വളർത്തുനായയെ വന്യമൃഗം ആക്രമിച്ച് കൊന്ന സംഭവവും പ്രദേശത്ത് വലിയ ചർച്ചയായിരുന്നു.പിന്നീട് നടത്തിയ പരിശോധനയിൽ നായയുടെ ജഡം ഭാഗികമായി ഭക്ഷിച്ചനിലയിൽ കണ്ടെത്തി.
വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി വന്യമൃഗത്തിന്റെ ആക്രമണമാണെന്നു സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ, കൈതച്ചിറയ്ക്ക് സമീപമുള്ള വാഴാഞ്ചേരി ഒട്ടപ്പുരയിൽ മുത്തുകുമാരന്റെ വളർത്തുനായയെ പുലി പിടിച്ചുകൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. അന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിക്കുന്നു. നിരവധി തവണ പരാതി നൽകിയിട്ടും ആവശ്യമായ നടപടികൾ വൈകുകയാണെന്നാണ് ജനങ്ങളുടെ ആരോപണം.
