ഗാന്ധിനഗർ: കുമരകം സ്വദേശി ജ്യോതിഷിന്റെ മരണം അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്ന് സൂചന. യുവാവിനു ഭക്ഷ്യവിഷബാധ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ എന്തുകൊണ്ടുള്ള അണുബാധയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് കോട്ടയം വെസ്റ്റ് പോലീസ് അധികൃതർ സൂചിപ്പിച്ചു. ജ്യോതിഷിനൊപ്പമുണ്ടായിരുന്ന നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേർക്ക് രോഗ ലക്ഷണങ്ങളില്ല.
ഷാപ്പുകൾ ബിനാമികളുടെ കൈപ്പിടിയിൽ
ഏറ്റുമാനൂർ: ഷാപ്പുകളിൽ ബഹുഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ബിനാമികൾക്ക്. 25 ശതമാനത്തിൽ താഴെ ഷാപ്പുകൾ മാത്രമാണ് യഥാർഥ ലൈസൻസികൾ നേരിട്ട് നടത്തുന്നത് എന്ന ഗുരുതരമായ ആക്ഷേപമാണ് ഉയരുന്നത്. എക്സൈസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തിൽ ബിനാമികൾ ഷാപ്പുകൾ കൈയടക്കിയിരിക്കുന്നത്.
നടത്തിപ്പുകാരായ ബിനാമികൾക്ക് ലൈസൻസികളെപ്പോലെ ഉത്തരവാദിത്വമുണ്ടാകില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർതന്നെ ചൂണ്ടിക്കാട്ടുന്നു. കള്ളിന്റെ ഗുണനിലവാരം തീർത്തും കുറവാണെന്നും വൃത്തിയുടെ കാര്യത്തിൽ ഷാപ്പുകൾ ബഹുദൂരം പിന്നിലാണെന്നും ഇവർ പറയുന്നു.
ഭക്ഷണത്തിന്റെ നടത്തിപ്പ് ഇവർ മറ്റാളുകൾക്ക് കരാർ നൽകുകയാണ് പതിവ്. ഭക്ഷണത്തിന്റെ ഗുണനിലവാരമോ പാചക സ്ഥലത്തെ വൃത്തിയോ ബിനാമി നടത്തിപ്പുകാർ ശ്രദ്ധിക്കുന്നില്ല. വർഷങ്ങളായി ഷാപ്പ് നടത്തിപ്പ് ബിനാമികൾ കൈയടക്കിയിരിക്കുന്നത് അറിയാമെങ്കിലും എക്സൈസ് അധികൃതർ കണ്ണടയ്ക്കുകയാണ്.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ പരിശോധനകൾ ഷാപ്പുകളിൽ നടക്കുന്നേയില്ല. ഷാപ്പുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിശോധന മാത്രമാണ് നടക്കുന്നത്.
