ചങ്ങനാശേരി: “”ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍ ചന്ദനചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍… ”
പുറത്ത് മഴ കോരിച്ചൊരിയുമ്പോഴും പാട്ടും നൃത്തവും കളികളുമായി ദുരിതാശ്വാസ കേന്ദ്രങ്ങള്‍. മനസുകളില്‍ പ്രളയദുരിതം കനത്തു നിൽക്കുന്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പരസ്പര സൗഹൃദത്തിന്റെയും കൂട്ടായ്മകളുടേയും ആലയങ്ങളായി മാറുകയാണ്.
കുട്ടികള്‍ ഡാന്‍സും പാട്ടുകളുമായി വേദിയിലെത്തുമ്പോള്‍ മുതിര്‍ന്നവര്‍ നാടന്‍പാട്ടുകള്‍ ആലപിച്ചാണ് ക്യാമ്പുകളെ സന്തോഷപ്രദമാക്കുന്നത്. വയോജനങ്ങള്‍ തങ്ങളുടെ ജീവിതാനുഭവങ്ങളും മുന്‍കാലങ്ങളിലെ വെള്ളപ്പൊക്ക അനുഭവങ്ങളുമൊക്കെ ജീവിതക്കഥയായി അവതരിപ്പിക്കുന്നത് ക്യാമ്പുകളിലെ നവാഗതര്‍ അദ്ഭുതത്തോടെ കേട്ടിരി ക്കുന്നു.
പുരുഷന്മാരും സ്ത്രീകളും തലയില്‍ തോര്‍ത്ത് വട്ടംകെട്ടി നാടന്‍പാട്ടുകള്‍ ആലപിക്കുമ്പോള്‍ ക്യാമ്പിലുള്ളവര്‍ കൈക്കൊട്ടി താളം ചവിട്ടി ആഘോഷ മൂഡിലാകുകയാണ്. ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ യുവജനങ്ങളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച നാടൻ പാട്ടുകളും കുട്ടികളുടെ അക്കുത്തിക്കു കളിയും ക്യാമ്പില്‍ ആരവമായി.
കുറിച്ചി ഗവണ്മെന്റ് ഗേള്‍സ് എല്‍പി സ്കൂളില്‍ ക്യാമ്പംഗങ്ങള്‍ അവതരിപ്പിച്ച നാടന്‍പാട്ടും ഡാന്‍സും ക്യാമ്പിനെ സജീവമാക്കി. ക്യാമ്പുകളില്‍ ഒരുമിച്ചിരുന്ന് കറിക്കരിയുന്നതും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഭക്ഷണം പാചകം ചെയ്ത് വിളമ്പുന്നതുമൊക്കെ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലും കൂട്ടായ്മയുടെ പ്രതീകമാകുകയാണ്
