ഡള്ളാസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി അർജന്റീന നായകൻ ലയണൽ മെസി 2026 ഫിഫ ലോകകപ്പിൽ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30ന് അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തിൽ ജെ-ഗ്രൂപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി അർജന്റീനയെ ഗംഭീര ജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് നായകൻ ലയണൽ മെസി. മത്സരം കാണാൻ 70,649 പേരാണ് ഡള്ളാസ് സ്റ്റേഡിയത്തിൽ എത്തിയത്. ഇതോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ടോപ് സ്കോററായി മെസി മാറി.
ലോകകപ്പിൽ മെസിയുടെ ഗോൾ നേട്ടം 18 ആയി ഉയർന്നു. ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡ് മറികടന്ന മെസി, തുടർച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും തന്റെ പേരിലാക്കി.
മത്സരത്തിന്റെ 38-ാം മിനിറ്റിലും കളി തീരാനുള്ള അധിക സമയത്തുമായിരുന്നു മെസി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ഒന്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് പാഴാക്കിയ മെസി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
എന്നാൽ 38-ാം മിനിറ്റിൽ ഫകുണ്ടോ മെദീനയുടെ ക്രോസിൽ നിന്ന് ഗ്രൗണ്ട് ഷോട്ടിലൂടെ മെസി അർജന്റീനയെ മുന്നിലെത്തിച്ചത് ആരാധകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5) കൗണ്ടർ അറ്റാക്കിലൂടെയാണ് മെസി തന്റെ ഗോൾ നേട്ടം രണ്ടാക്കി ഉയർത്തിയത്. അതേസമയം മെസിയുടെ റിക്കാർഡ് നേട്ടം വിവാദങ്ങളിലേക്ക് വഴിവച്ചു.
മെസിയുടെ ആദ്യ ഗോളിന് അവസരമൊരുക്കിയ നീക്കത്തിൽ അർജന്റീന താരം അലക്സിസ് മാക് അലിസ്റ്റർ ഓസ്ട്രിയൻ താരം സേവ്യർ ഷ്ലാഗറെ ഫൗൾ ചെയ്തെങ്കിലും റഫറി അത് കണ്ട ഭാവം നടിച്ചില്ലെന്ന് ആക്ഷേപമുയർന്നു. വാർ പരിശോധനക്ക് മുതിരാതിരുന്ന റഫറിയുടെ നടപടി പ്രതിഷേധത്തിന് കാരണമായി. പ്രമുഖ മുൻ ഗോൾകീപ്പർ പീറ്റർ സ്മൈക്കൽ അടക്കമുള്ളവർ അതിനെ വിമർശിച്ച് രംഗത്തെത്തി. ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തിലും അർജന്റീനയ്ക്കും മെസിക്കും അനുകൂലമായി റഫറിമാർ തീരുമാനങ്ങൾ സ്വീകരിക്കുവെന്നാണ് വിമർശനം.
