ബി​രു​ദ​ങ്ങ​ളു​ടെ തി​ള​ക്ക​മി​ല്ലാ​തെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ലൂ​ടെ പ്ര​തി​മാ​സം ഒ​രു കോ​ടി വ​രു​മാ​നം; 19കാ​ര​ന്‍റെ വി​ജ​യ​ഗാ​ഥ വൈ​റ​ലാ​കു​ന്നു

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ വ​ലി​യ ബി​രു​ദ​ങ്ങ​ളു​ടെ​യോ പി​ൻ​ബ​ല​മി​ല്ലാ​തെ, സ്വ​യം പ​ഠി​ച്ചെ​ടു​ത്ത എ​ഐ വി​ദ്യ​ക​ളി​ലൂ​ടെ പ്ര​തി​മാ​സം ഒ​രു കോ​ടി രൂ​പ​യോ​ളം വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന 19-കാ​ര​ന്‍റെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. പ്ര​മു​ഖ പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ്‌​വ​ർ​ക്കി​ങ് പ്ലാ​റ്റ്‌​ഫോ​മാ​യ ലി​ങ്ക്ഡ്ഇ​ന്നി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​കു​റി​പ്പ് ഇ​തി​ന​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

‘ടോ​പ്‌​മേ​റ്റ്’ എ​ന്ന പ്ര​മു​ഖ സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ കോ-​ഫൗ​ണ്ട​റും സി​ടി​ഒ​യു​മാ​യ ദി​നേ​ഷ് സിം​ഗ് ആ​ണ് ആ​യു​ഷ് സിം​ഗ് എ​ന്ന ഈ ​പ​ത്തൊ​ൻ​പ​തു​കാ​ര​ന്‍റെ അ​വി​ശ്വ​സ​നീ​യ​മാ​യ ജീ​വി​ത​യാ​ത്ര ലോ​ക​ത്തി​ന് മു​ന്നി​ൽ പ​ങ്കു​വെ​ച്ച​ത്.

ഐ​ഐ​ടി​യോ എം​ഐ​ടി​യോ പോ​ലു​ള്ള പ്ര​ശ​സ്ത​മാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ച​വ​ന​ല്ല ആ​യു​ഷ്. കോ​വി​ഡ് കാ​ല​ത്ത്, ത​ന്‍റെ 13-ാം വ​യ​സ്സി​ൽ കു​ടും​ബം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​യ​പ്പോ​ഴാ​ണ് ആ​യു​ഷ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ലോ​ക​ത്തേ​ക്ക് തി​രി​യു​ന്ന​ത്. ഒ​രു സാ​ധാ​ര​ണ ലാ​പ്ടോ​പ്പും ത​ട​സ്സ​ങ്ങ​ൾ നി​റ​ഞ്ഞ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നും മാ​ത്ര​മാ​യി​രു​ന്നു കൂ​ട്ട്. ല​ഭ്യ​മാ​യ പ​ഴ​യ കോ​ഴ്‌​സു​ക​ളി​ലൂ​ടെ​യും അ​ദ​മ്യ​മാ​യ ജി​ജ്ഞാ​സ​യി​ലൂ​ടെ​യും മെ​ഷീ​ൻ ലേ​ണിം​ഗ് അ​വ​ൻ സ്വ​യം പ​ഠി​ച്ചെ​ടു​ത്തു.

ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി, മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ വി​ദേ​ശ സ്റ്റാ​ർ​ട്ട​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് ആ​യു​ഷ് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി. അ​വ​ന്റെ ക​ഴി​വി​നു​ള്ള ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി, 14-ാം വ​യ​സ്സി​ൽ ലോ​ക​പ്ര​ശ​സ്ത​മാ​യ മ​സാ​ച്യു​സെ​റ്റ്‌​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​യു​ഷി​ന്‍റെ കോ​ഴ്‌​സ് പ​ര​സ്യ​മാ​യി ശു​പാ​ർ​ശ ചെ​യ്തു.

തു​ട​ക്ക​കാ​ല​ത്ത് മി​ക​ച്ച പ്രോ​ജ​ക്ടു​ക​ൾ ചെ​യ്‌​തി​രു​ന്നെ​ങ്കി​ലും അ​തി​ൽ നി​ന്ന് വ​ലി​യ വ​രു​മാ​നം നേ​ടാ​ൻ ആ​യു​ഷി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, കേ​വ​ലം സാ​ങ്കേ​തി​ക വി​ജ്ഞാ​ന​ത്തി​ന​പ്പു​റം ത​ന്റെ അ​റി​വി​നെ എ​ങ്ങ​നെ കൃ​ത്യ​മാ​യി പാ​ക്കേ​ജ് ചെ​യ്യ​ണ​മെ​ന്നും വി​പ​ണ​നം ചെ​യ്യ​ണ​മെ​ന്നും പ​ഠി​ച്ച​തോ​ടെ​യാ​ണ് ആ​യു​ഷി​ന്റെ ജാ​ത​കം മാ​റി​യ​ത്. നി​ല​വി​ൽ ടോ​പ്‌​മേ​റ്റ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ്രീ​മി​യം എ​ഐ കോ​ഹോ​ർ​ട്ടു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യാ​ണ് ഈ ​കൗ​മാ​ര​ക്കാ​ര​ൻ കോ​ടി​ക​ളു​ടെ വ​രു​മാ​നം സ്വ​ന്ത​മാ​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ അ​റി​വു​ക​ളെ​യും ക​ഴി​വു​ക​ളെ​യും എ​ങ്ങ​നെ കൃ​ത്യ​മാ​യി ധ​ന​സ​മ്പാ​ദ​ന​ത്തി​നു​ള്ള മാ​ർ​ഗ​മാ​ക്കി മാ​റ്റാം എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ആ​യു​ഷെ​ന്ന് ദി​നേ​ഷ് സിം​ഗ് കു​റി​ക്കു​ന്നു. പ​ല ക്രി​യേ​റ്റ​ർ​മാ​രും വ​ലി​യ അ​റി​വു​ക​ൾ കൈ​വ​ശം വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ന്റെ ബി​സി​ന​സ്സ് വ​ശ​ത്തെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത​തി​നാ​ൽ വ​രു​മാ​ന​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ആ​യു​ഷി​ന്‍റെ ഈ ​അ​സാ​ധാ​ര​ണ വി​ജ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ഇ​തി​നെ ക​ടു​ത്ത പ്ര​ചോ​ദ​ന​മാ​യി കാ​ണു​മ്പോ​ൾ, മ​റ്റൊ​രു വി​ഭാ​ഗം യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഇ​ത് ക​ടു​ത്ത നി​രാ​ശ​യ്ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

Related posts

Leave a Comment