പരവൂർ: റെയിൽവേ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് 100 കോടിയിലധികം രൂപയുടെ വൻ നിക്ഷേപത്തിനൊരുങ്ങി പ്രമുഖ സുരക്ഷാ സാങ്കേതികവിദ്യ കമ്പനിയായ നോവ കൺട്രോൾ ടെക്നോളജിക്സ്.
ഇ2ഇ റെയിലിന്റെ (e2E Rail) ഉപകമ്പനിയായ നോവ, അടുത്ത തലമുറ റെയിൽവേ സുരക്ഷാ സംവിധാനങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായാണ് ഈ തുക വിനിയോഗിക്കുക. റെയിലിന്റെ ഡിജിറ്റൽ സംവിധാനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓപ്പറേഷണൽ ടെക്നോളജി നേരിടുന്ന സൈബർ സുരക്ഷാ ഭീഷണികൾക്ക് പരിഹാരം കാണുന്നതിനാണ് കമ്പനി പുതിയ നിക്ഷേപത്തിലൂടെ കൂടുതൽ മുൻഗണന നൽകുന്നത്.
ഇന്ത്യൻ റെയിൽവേ തദ്ദേശീയ ട്രെയിൻ സുരക്ഷാ സംവിധാനമായ കവച് രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനിടയിലാണ് കമ്പനിയുടെ ഈ സുപ്രധാന പ്രഖ്യാപനം. സിഗ്നലിംഗ്, ട്രെയിൻ നിയന്ത്രണം എന്നിവ കൂടുതൽ ഡിജിറ്റൽ ശൃംഖലകളിലേക്ക് മാറുമ്പോൾ ഉണ്ടാകാനിടയുള്ള സൈബർ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകളും വ്യവസായ ലോകം പങ്കുവയ്ക്കുന്നുണ്ട്.
ലണ്ടൻ ആസ്ഥാനമായുള്ള ഐആർഎസ്ഇ സമ്മേളനത്തിലും പ്രദർശനത്തിലും സിഗ്നലിംഗ്, കമ്യൂണിക്കേഷൻ സംവിധാനങ്ങൾക്കൊപ്പം സൈബർ സുരക്ഷയും കാതലായ സുരക്ഷാ ഘടനയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകത ചർച്ചയായിരുന്നു. റെയിൽവേ സുരക്ഷ വലിയൊരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇ2 ഇ റെയിൽ, നോവ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കവച് പോലുള്ള സാങ്കേതികവിദ്യകൾ ട്രെയിൻ സുരക്ഷ ശക്തമാക്കുന്നുണ്ടെങ്കിലും സിഗ്നലിംഗ് സംവിധാനങ്ങളുടെ ഡിജിറ്റൽവൽക്കരണം പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. സൈബർ സുരക്ഷയെ കേവലം ഒരു ഐടി വിഭാഗമായി മാത്രം കാണാനാകില്ല.
റെയിൽവേ സർവീസുകളുടെ വിശ്വാസ്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന പ്രധാന സുരക്ഷാ പാളിയായി അതിനെ കണക്കാക്കണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനാണ് ഈ 100 കോടി രൂപയുടെ ഇൻ-ഹൗസ് ഗവേഷണ നിക്ഷേപം ഉപയോഗിക്കുക.
റെയിൽവേ സുരക്ഷാ സാങ്കേതികവിദ്യകളിൽ ഇന്ത്യയ്ക്ക് ആഗോള ഹബ്ബായി മാറാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഇ2ഇ റെയിൽ അധികൃതർ അഭിപ്രായപ്പെട്ടു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ നോവ വികസിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങൾ വഴി ഇന്ത്യയിൽ ബൗദ്ധിക സ്വത്ത് നിർമിക്കുക മാത്രമല്ല, അന്താരാഷ്ട്ര റെയിൽവേ വിപണികളിലേക്ക് സാങ്കേതികവിദ്യകൾ കയറ്റുമതി ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
തങ്ങളുടെ വളർച്ചാ തന്ത്രത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, അഡ്വാൻസ്ഡ് റെയിൽവേ എൻജിനീയറിംഗ് എന്നീ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾക്കും ഏറ്റെടുക്കലുകൾക്കും കമ്പനി തയാറെടുക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
