വൈപ്പിൻ: മാല നഷ്ടപ്പെട്ടെന്ന വീട്ടമ്മയുടെ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വയോധികയ്ക്കൊപ്പം സ്റ്റേഷനിൽ എത്തിയ 16കാരനായ പേരക്കുട്ടിയെ എസ്ഐ കരണത്തടിച്ചതായി പരാതി.
കൂടാതെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് വയോധികയും ബാലനും ആരോപിക്കുന്നു. ഞാറക്കൽ പ്രിൻസിപ്പൽ എസ്ഐ എ.എസ്. അരുണിനെതിരെയാണ് ആരോപണം. തിങ്കളാഴ്ചയായിരുന്നു സംഭവം.
നായരമ്പലം കുടുങ്ങാശേരി സ്വദേശിയായ സ്റ്റോയ എന്ന വീട്ടമ്മയാണ് മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്. ഇവരുടെ മാല വെളിയത്തുപറമ്പ് ഭാഗത്ത് വച്ചാണ് നഷ്ടമായത്. അന്വേഷിച്ചു കണ്ടെത്താതെ വന്നതിനെ തുടർന്ന് ഇക്കാര്യം അവർ ഈ ഭാഗത്തുള്ള ഓട്ടോഡ്രൈവർമാരെ അറിയിച്ചു.
നായരമ്പലം സ്വദേശിനിയായ സ്ത്രീ ഇതുവഴി നടന്നുപോകുമ്പോൾ എന്തോ കുനിഞ്ഞ് നിലത്തുനിന്ന് എടുക്കുന്നത് കണ്ടുവെന്ന് ഡ്രൈവർമാർ അറിയിച്ചു. തുടർന്നാണ് ഇവർ പോലീസിൽ പരാതിപ്പെട്ടതും വയോധികയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതും.
16കാരനായ പേരക്കുട്ടിക്ക് ഒപ്പം എത്തിയ ഇവരെ എസ്ഐ ആണ് ചോദ്യം ചെയ്തത്. തന്റെ കൈയിൽ നിന്ന് നിലത്തു വീണ പണമാണ് കുനിഞ്ഞെടുത്തതെന്നും മാലയെക്കുറിച്ച് അറിയില്ലെന്നും വയോധിക പോലീസിനോട് പറഞ്ഞു.
പിന്നീട് ഇവരുടെ മൊബൈൽ ഫോൺ വാങ്ങി പരിശോധിച്ച് ചോദ്യം ചെയ്യുന്നതിനിടെ വയോധികയ്ക്ക് കേൾവി കുറവുണ്ടെന്നും ഉറക്കെ ചോദിക്കണമെന്നും ഒപ്പമുണ്ടായിരുന്ന പേരക്കുട്ടി പറഞ്ഞതിൽ ക്ഷുഭിതനായി എസ് ഐ മുഖത്തടിച്ച് ആക്ഷേപിച്ച് പുറത്തേക്ക് ഇറക്കി വിട്ടു എന്നാണ് ആരോപണം.
അടിയേറ്റ പേരക്കുട്ടിയുടെ ചെവിക്ക് വേദന അനുഭവപ്പെട്ടതോടെ ഞാറക്കൽ സർക്കാർ ആശുപത്രിയിൽ എത്തിയെങ്കിലും തുടക്കത്തിൽ ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നും ആരോപണമുണ്ട്.
സംഭവത്തിൽ കുട്ടിയുടെ പിതാവ് ആഭ്യന്തരമന്ത്രി, റൂറൽ എസ്പി, ശിശുക്ഷേമ സമിതി, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.കൂടാതെ കള്ള സാക്ഷി പറഞ്ഞതിന്റെ പേരിൽ ഓട്ടോ ഡ്രൈവർമാർക്ക് എതിരെയും കേസ് ഫയൽ ചെയ്യുമെന്ന് വീട്ടുകാർ പറഞ്ഞു.
ആരോപണം വാസ്തവ വിരുദ്ധമെന്ന് പോലീസ്
വൈപ്പിൻ: 16കാരനെ സ്റ്റേഷനിൽ വച്ച് മർദിച്ചുവെന്ന ആരോപണം സത്യവിരുദ്ധമെന്ന് ഞാറക്കൽ പോലീസ് അറിയിച്ചു. മാല നഷ്ടപ്പെട്ടെന്ന പരാതിയിൽ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയാൻ സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്ന പൊതുപ്രവർത്തകരോടും പോലീസ് മോശമായി പെരുമാറിയെന്ന് പാെതുപ്രവർത്തകനായ ബില്ലി അറക്കലും ആരോപിച്ചു. വയോധികയെ വിളിച്ചുവരുത്തി വൈകിട്ട് ആറു വരെ സ്റ്റേഷനിൽ നിർത്തിയിട്ടും പരാതിക്കാരിയോ സാക്ഷികളോ സ്റ്റേഷനിൽ എത്തിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
