ബോസ്റ്റണ്‍: ഘാനയുടെ പ്രതിരോധ പൂട്ടിന് മുന്നിൽ ഇംഗ്ലണ്ടിന് സമനില കുരുക്ക്. ലോകകപ്പിലെ എൽ-ഗ്രൂപ്പിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 1.30ന് അമേരിക്കയിലെ ബോസ്റ്റണ്‍ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിലാണ് ആക്രമണത്തിന്റെ കുന്തമുനകളായ ഇംഗ്ലണ്ടിനെ ആഫ്രിക്കൻ ശക്തികളായ ഘാന ഗോളടിക്കാൻ സമ്മതിക്കാതെ വരിഞ്ഞു മുറുക്കിയത്. 0-0.
മത്സരത്തിൽ 78.8 ശതമാനം പന്ത് കൈവശം കളിച്ച് ഘാനയുടെ ഏരിയായിലേക്ക് നിരന്തരം ഇരച്ചുകയറിയ ഇംഗ്ലണ്ടിനെ 21.2 ശതമാനം പന്ത് കൈവശമാക്കിയാണ് ഘാന നേരിട്ടത്. മധ്യനിരയും പ്രതിരോധവും ശക്തമാക്കി 4-1-4-1 ഫോർമേഷനിലാണ് കോച്ച് കാർലോസ് ക്വിയോറോസ് ഘാനയെ കളത്തിലിറക്കിയത്.
അതിശക്തരായ ഇംഗ്ലണ്ടിനെതിരേ കടുത്ത പ്രതിരോധം തീർത്ത് കിട്ടുന്ന അവസരത്തിൽ പ്രത്യാക്രമണത്തിന് മുതിരുകയെന്നതായിരുന്നു തന്ത്രം. ഇതാകട്ടെ ഘാനയുടെ താരങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പ് -എല്ലിൽ രണ്ടു കളികളിൽനിന്ന് ഇംഗ്ലണ്ടിനും ഘാനയ്ക്കും നാലു പോയിന്റായി. ബോസ്റ്റണ്‍ സ്റ്റേഡിയത്തിൽ 63,983 പേരാണ് ഘാന-ഇംഗ്ലണ്ട് മത്സരം കാണാനെത്തിയിരുന്നത്.
19 ഷോട്ടുകളാണ് ഘാനയ്ക്കെതിരേ ഇംഗ്ലണ്ട് പായിച്ചത്. മറുവശത്ത് ഘാനയിൽ നിന്നാകട്ടെ വെറും രണ്ടെണ്ണം. ഒന്‍പത് കോർണറുകളാണ് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ചത്. ഘാനയ്ക്ക് രണ്ടെണ്ണം. കളിക്കിടെ പന്തിന് തലവയ്ക്കുന്പോൾ ഇംഗ്ലണ്ടിന്റെ റെസീ ജെയിംസും ഘാനയുടെ ജോർദാൻ അയേവും കൂട്ടിയിടിച്ച് രണ്ടുപേരുടെയും തലയ്ക്ക് പരിക്കേറ്റു. തുടർന്ന് തലയിൽ കെട്ടോടു കൂടിയാണ് ജോർദാൻ കളി തുടർന്നത്.
ആദ്യപകുതിയിൽ ഇംഗ്ലണ്ടിന്റെ മുൻനിരയിലെ ഹാരി കെയ്ൻ പലവട്ടം ഘാനയുടെ ഗോൾമുഖത്തെത്തിയെങ്കിലും ഘാനയുടെ പ്രതിരോധവും ഗോളിയും ശക്തമായി അതിനെ നേരിടുകയായിരുന്നു. രണ്ടാംപകുതിയിൽ 49, 55 മിനിറ്റുകളിൽ ഘാനയ്ക്ക് ലഭിച്ച ഒന്നാന്തരം അവസരങ്ങളും ലക്ഷ്യത്തിലെത്തിയില്ല.
കളിയുടെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയെന്ന്് തോന്നിപ്പിച്ചെങ്കിലും നിർഭാഗ്യം അവരെ പിടികൂടി. കളി അവസാനിക്കാറായ ഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ നിക്കോ ഒറെയ്ലിയുടെ മനോഹരമായ ഹെഡർ ഘാനയുടെ പോസ്റ്റിൽ തട്ടി മടങ്ങി. മടങ്ങിയെത്തിയ പന്ത് റീബൗണ്ടിലൂടെ ഹാരി കെയ്ൻ ശക്തമായി അടിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പന്ത് പുറത്തേക്കാണ് പോയത്. കളിയിൽ പലവട്ടം ഇരുടീമിലെയും കളിക്കാർ തമ്മിൽ പ്രകോപനങ്ങളിൽ ഏർപ്പെട്ടു.
ഇംഗ്ലണ്ടിന്റെ മധ്യനിരയിലെ പ്രധാനികളായ ജൂഡ് ബെല്ലിംഗ്ഹാമും നോനി മദുവേകയും ആന്റണി ഗോർഡനും നിരന്തരം ആക്രമിച്ച് കളിച്ചിട്ടും ഘാനയുടെ പ്രതിരോധം പഴുതുകൾ അനുവദിച്ചില്ല.മത്സരം സമനിലയിലായെങ്കിലും ലഭിച്ച ഓരോ പോയിന്േറാടെയും ഇരുടീമും നോക്കൗട്ടിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകൾ ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെ സമനിലയിൽ തളയ്ക്കാനായത് ഘാനയ്ക്ക് അടുത്ത മത്സരത്തിൽ വലിയ ആത്മവിശ്വാസം നൽകും.
