ഒന്നിലധികം രോഗങ്ങളുടെ അകമ്പടിയോടെയാണ് വാര്‍ധക്യം മിക്കവരിലും കടന്നുവരിക. ആരോഗ്യരക്ഷയ്ക്കൊപ്പം വൈകാരിക പിന്തുണയും ആവശ്യമുള്ള ഘട്ടമാണിത്. കൂട്ടുകുടുംബം നല്‍കിയിരുന്ന കരുതലും സുരക്ഷിതത്വവും ഇക്കാലത്ത് കുറഞ്ഞുവരികയാണ്.
ജീവിത സാഹചര്യം, ശാരീരിക മാനസികാരോഗ്യം, സമൂഹവുമായുള്ള ഇടപെടലുകള്‍, പോഷകാഹാരം, വ്യായാമം, ലഹരി വിമുക്തി തുടങ്ങിയവ വാര്‍ധക്യം ആശ്വാസകരമാക്കുന്നതില് ഘടകങ്ങളാണ്. ശാരീരികവും മാനസികവുമായ പല രോഗങ്ങളും സമ്മര്‍ദങ്ങളും വാര്‍ധക്യത്തില്‍ പതിവാണ്. സാമ്പത്തിക ക്ലേശം കൂടി നേരിടേണ്ടിവരുന്നവരില്‍ സാഹചര്യത്തിന്റെ ഗൗരവം കൂടുന്നു.
ശൈലിരോഗങ്ങളില്പ്പെടുന്ന പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ തുടങ്ങിയവയെ ചെറിയ പ്രായത്തില്‍ നിയന്ത്രിക്കുന്നവരില്‍ വാര്‍ധക്യ സംബന്ധമായ പ്രശ്നങ്ങള്‍ കുറവാകും. ആരോഗ്യകരമായ വാര്‍ധക്യം ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ മധ്യവയസിനു മുമ്പുതന്നെ തുടങ്ങേണ്ടതാണ്. വീണുപോകുമോ എന്ന ഭയം ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്.
കാഴ്ച മങ്ങല്‍, ബലക്ഷയം, സന്ധിവാതം, രക്തസമ്മര്‍ദം കുറയല്‍, പക്ഷാഘാതം, പര്ക്കിന്സണ്സ് തുടങ്ങിയ പല പ്രശ്നങ്ങളും വീഴ്ചയ്ക്ക് കാരണമാകും. പടിക്കെട്ടുകളും, മിനുസമുള്ള തറകളും വെളിച്ചക്കുറവും വീഴ്ചയ്ക്ക് ആക്കം കൂട്ടും. വീഴുമെന്നു ഭയന്ന് നടക്കാതെയും വ്യായാമം കിട്ടാതെയും വരുന്നത് അവയവങ്ങള്‍ക്ക് ബലക്ഷയം ഉണ്ടാക്കും.
ആരോഗ്യം അവകാശം
ആശുപത്രികളില്‍ വാര്‍ധക്യകാല ചികിത്സാ വിഭാഗങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. വയോജനങ്ങളുടെ പരിചരണത്തിന് പരിശീലനം ലഭിച്ച ശുശ്രൂഷകരുടെ ഒരു സംഘം ഉണ്ടാകണം. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വയോജന സംരക്ഷണം തികച്ചും വ്യത്യസ്തവും സാങ്കേതികമായി മുന്നിലുമാണ്. ഹോം കെയര്‍ മാതൃകകളാണ് അവിടെയുള്ളത്.
അസിസ്റ്റഡ് ലിവിംഗ് വിദേശങ്ങളില്‍ വയോധികര്‍ക്ക് തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ വൈദ്യസഹായം ലഭ്യമാകുന്ന പ്രത്യേക അപ്പാര്‍ട്ട്മെന്റുകള്‍ ഉണ്ട്. അവര്‍ക്ക് ഒരുമിച്ച് താമസിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും സാധിക്കുന്നു. നെതര്‍ലാന്‍ഡ്സ് പോലുള്ള രാജ്യങ്ങളില്‍ വയോജന മന്ദിരങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഡേ കെയറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത് വയോജനങ്ങളുടെ ഏകാന്തത കുറയ്ക്കാനും കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്നവരുടെ സ്നേഹം ലഭിക്കാനും സാധ്യത നല്കുന്നു. സംസ്ഥാന സാമൂഹികനീതി വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പ്രായമായവരില്‍ ഏറെപ്പേരും പീഡനം നേരിടുന്നുണ്ട്. 38 ശതമാനം തങ്ങളുടെ ആണ്മക്കളില്നിന്നും 15 ശതമാനം മരുമക്കളില്നിന്നുമാണ് മോശം പെരുമാറ്റം നേരിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 43 ശതമാനം മുതിര്‍ന്നവരും അവഗണന അനുഭവിക്കുന്നു.
കൂടുതല്‍ മോശം പെരുമാറ്റത്തിന് ഇരയാകുന്നത് 65നും 79നും ഇടയിലുള്ളവരാണ്. കേരളത്തിലെ വൃദ്ധസദനങ്ങളില്‍ കൂടുതലുയരുന്നത് മാതൃരോദനമാണ്. മക്കളും ബന്ധുക്കളുമുണ്ടായിട്ടും വൃദ്ധസദനങ്ങളിലേക്ക് നടതള്ളുന്ന അമ്മമാരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു. ഭര്‍ത്താവിന്റെ മരണശേഷം മക്കള്‍ക്കു ബാധ്യതയായി വന്നവരാണ് അമ്മമാരില്‍ ഏറെയും.
എറണാകുളത്താണ് കൂടുതല്‍ വൃദ്ധസദനങ്ങള്‍- 143. കുറവ് മലപ്പുറത്തും. കൊവിഡിന്റേയും ലോക്ഡൗണിന്റേയും കാലത്ത് ഒറ്റ വൃദ്ധസദനവും പുതുതായി തുടങ്ങിയിരുന്നില്ല. എന്നാല്‍ കൊവിഡിന് ശേഷം കേരളത്തില്‍ ആരംഭിച്ചത് 80 വൃദ്ധസദനങ്ങളാണ്. 2018വരെ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍ 631 ആയിരുന്നെങ്കില്‍ 2023 ജനുവരിയില്‍ 727 ആയി ഉയര്‍ന്നു.
നാലു വര്‍ഷം കൊണ്ട് കൂടിയത് 96 എണ്ണം. കേരളത്തില്‍ നിന്നുള്ള യുവതലമുറയുടെ വിദേശ കുടിയേറ്റം വര്‍ധിക്കുന്ന തോതില്‍ വൃദ്ധമാതാപിതാക്കളുടെ എണ്ണവും കൂടുകയാണ്. മക്കളുടെ എണ്ണം കുറയുന്ന സാഹചര്യവും ഇതിനോടു കൂട്ടിവായിക്കണം. പെണ്മക്കള് മാത്രമുള്ള വീടുകളില്‍ അവരുടെ വിവാഹശേഷം ര്ക്ഷിതാക്കള് വലിയ ഒറ്റപ്പെടലാണ് അനുഭവിക്കുന്നു. ഈ ദമ്പതികളില്‍ ഒരാള്‍ക്ക് മരണം സംഭവിച്ച പങ്കാളി അനാഥത്വമാണ് അനുഭവിക്കേണ്ടിവരിക.
ഭക്ഷണം പ്രധാനം
വാര്‍ധക്യത്തിലെ ആരോഗ്യത്തിന് കഴിക്കുന്ന ഭക്ഷണവുമായി ഏറെ ബന്ധമുണ്ട്. നാവിലെ രസമുകുളങ്ങള്‍ കുറയുന്നതിനാല്‍ രുചിക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ വൃദ്ധരെ അലട്ടാറുണ്ട്. പല്ല് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍, വായ വരളുക തുടങ്ങിയവയും കാണാറുണ്ട്.
തവിടുകളയാത്ത ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍, പയറുകള്‍, കൊഴുപ്പു മാറ്റിയ പാല്, മോര്, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവയില്‍നിന്ന് ഓരോ ഇനവും തെരഞ്ഞെടുത്ത് കഴിക്കുന്നതാണ് വാര്‍ധക്യത്തില്‍ ഗുണകരം. ഉപ്പും കൊഴുപ്പും മധുരവും പരമാവധി കുറച്ചുള്ള ഭക്ഷണരീതികളാണ് സ്വീകരിക്കേണ്ടത്.
വെള്ളം 10 ഗ്ലാസെങ്കിലും കുടിക്കണം. മൂന്നുനേരം ഭക്ഷണം എന്നതിനു പകരം കുറേശ്ശെ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ കുറയ്ക്കും. ഗോതമ്പ്, റാഗി, തിന, ചെറുപയര്‍, ചോളം, നെല്ലിക്ക, പേരയ്ക്ക, പപ്പായ, കോവയ്ക്ക, വെള്ളരിക്ക, കാരറ്റ്, ചേന, മുരിങ്ങക്ക, തക്കാളി, അണ്ടിപ്പരിപ്പ്, ബദാം പരിപ്പ്, ഉണക്കമുന്തിരി ഇവ മാറിമാറി ഭക്ഷണത്തില്‍പെടുത്തേണ്ടതാണ്്. കാഴ്ച മങ്ങാതിരിക്കാന്‍ മുരങ്ങയില, ചീര, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, കൊഴുപ്പുമാറ്റിയ പാല് ഇവയിലേതെങ്കിലും ഒന്ന് ഭക്ഷണത്തില്‍ ദിവസവും പെടുത്തണം.
കേള്‍വി സംരക്ഷിക്കാന്‍ നിലക്കടല, തവിട് കൂടുതലുള്ള അരി, പയര്‍വര്‍ഗങ്ങള്‍, ഇലക്കറി ഇവ ഗുണകരമാണ്. വായ വരളാതിരിക്കാന്‍ മോര്, ചെറുപയര്‍ സൂപ്പ് ഇവ കഴിക്കാം.നല്ല ഓര്‍മയ്ക്ക് മധുരക്കിഴങ്ങ്, പശുവിന് നെയ്യ്, കാരറ്റ്, വെണ്ടക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മലബന്ധം ഒഴിവാക്കാന്‍ വാഴപ്പിണ്ടി, മുരിങ്ങയില, വേവിക്കാത്ത പച്ചക്കറികള്‍, ചേന ഇവ ഉള്‍പ്പെടുത്താം. മൂത്രാശയപേശികളെ ബലപ്പെടുത്താന്‍ ചേന, ചേമ്പ്, കാച്ചില്, ഓട്സ്, മലര്, ചോളം, നെല്ലിക്ക, ഏത്തപ്പഴം, ഉരുളക്കിഴങ്ങ് ഇവ ഗുണകരമാണ്. വെന്തുടഞ്ഞ കഞ്ഞി, ഓട്സ് കഞ്ഞി, പച്ചക്കറി ജ്യൂസ്, ഏത്തപ്പഴം ഉടച്ചത്, പുഴുങ്ങിയ പയര്‍ ഉടച്ചത് ഇവ നല്‍കാം.
റെജി ജോസഫ്
