അമ്പലപ്പുഴ: കടലിൽ കാണാതായ വിദ്യാർഥിക്കായുള്ള കാത്തിരിപ്പ് ആറാം നാളിലേക്ക്. വിദ്യാർഥിയെ കണ്ടെത്താനായി നേവിയുടെ പ്രത്യേക സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടന്നെങ്കിലും കണ്ടെത്താനായില്ല.
പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മഠത്തിൽ രാജേഷ് – റാണി ദമ്പതികളുടെ മകൻ സൂര്യനുവേണ്ടിയാണ് (16) കരൂർ ഗ്രാമം തകർന്ന ഹൃദയവും കണ്ണീരുമായി കാത്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മുത്തച്ഛന്റെ സഞ്ചയന കർമത്തിന്റെ ഭാഗമായി ബന്ധുക്കളോടൊപ്പം ശനിയാഴ്ച വൈകിട്ട് 5.30ന് പുറക്കാട് കരൂരിലെ കടലിലിറങ്ങിയതാണ് സൂര്യൻ. അതിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടു. കണ്ടുനിന്ന മത്സ്യത്തൊഴിലാളികൾ മറ്റുള്ളവരെ രക്ഷപ്പെടുത്തി. സൂര്യനെ രക്ഷപ്പെടുത്താനായി മാലയിൽ പിടിച്ചെങ്കിലും മാലപൊട്ടി സൂര്യൻ താഴ്ന്നുപോകുകയായിരുന്നു.
ഉടൻതന്നെ മത്സ്യത്തൊഴിലാളികളും വിവരം അറിഞ്ഞെത്തിയ അമ്പലപ്പുഴ പോലീസും തകഴിയിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും തോട്ടപ്പള്ളി കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു.ഞായറാഴ്ച രാവിലെ മുതൽ കോസ്റ്റ് ഗാർഡിനെ കൂടാതെ തോട്ടപ്പള്ളി തീരദേശ പോലീസും ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽനിന്നെത്തിയ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ടുകളും പത്തോളം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും തെരച്ചിൽ നടത്തി. ഇതിനുശേഷം കഴിഞ്ഞ ദിവസങ്ങളിലായി കോസ്റ്റ് ഗാർഡ്, നേവി എന്നിവയുടെ ഹെലിക്കോപ്റ്ററുകളും തെരച്ചിൽ നടത്തുകയാണ്.
എറണാകുളത്തുനിന്നെത്തിയ നേവിയുടെ എട്ടംഗ സ്കൂബാ സംഘം തീരദേശ പോലീസിന്റെ പ്രത്യേക ബോട്ടിൽ ഇന്നലെ രാവിലെ മുതൽ തെരച്ചിലാരംഭിച്ചിരുന്നു.സ്കൂബാ സംഘം പ്രത്യേക കാമറ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും വിദ്യാർഥിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. വൈകിട്ട് പുലിമുട്ടുകൾക്കിടയലും തെരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. തെരച്ചിൽ ആറാം ദിവസമായ ഇന്നും തുടരും.
