പരവൂർ: ഇന്ത്യയും അയൽരാജ്യമായ നേപ്പാളും തമ്മിലുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ കൂടുതൽ ശക്തമാക്കി പുതിയ യുപിഐ സംവിധാനം നിലവിൽ വന്നു.ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസും ( യുപിഐ) നേപ്പാളിന്റെനാഷണൽ പേയ്മെന്റ് ഇന്റർഫേസും (എൻപിഐ ) തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ അത്യാധുനിക സേവനം ഈ മാസത്തിലെ രണ്ടാമത്തെ ആഴ്ച മുതലാണ് പ്രവർത്തനസജ്ജമായത്.
ഇതോടെ ഇരുരാജ്യങ്ങളിലുമുള്ള സാധാരണക്കാർക്കും വിനോദസഞ്ചാരികൾക്കും തങ്ങളുടെ മൊബൈൽ ബാങ്കിംഗ് ആപ്പുകളും ഡിജിറ്റൽ വാലറ്റുകളും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് സുരക്ഷിതമായി പണം കൈമാറാൻ സാധിക്കും.പരമ്പരാഗത ബാങ്കിംഗ് ചാനലുകളെയോ നേരിട്ടുള്ള കറൻസി വിനിമയങ്ങളെയോ ആശ്രയിക്കാതെ തത്സമയം ഇന്ത്യൻ രൂപയെ നേപ്പാളി രൂപയിലേക്കും തിരിച്ചും മാറ്റാൻ പുതിയ സംവിധാനം സഹായിക്കും.
നാഷണൽ പേയ്മെന്റ്് കോർപ്പറേഷൻ ഇന്ത്യയുടെ (എൻപിസിഐ) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡും , നേപ്പാൾ ക്ലിയറിങ് ഹൗസ് ലിമിറ്റഡും സംയുക്തമായാണ് ഈ സാങ്കേതിക സംയോജനം സാധ്യമാക്കിയത്. അനാവശ്യ സർവീസ് ചാർജുകളില്ലാതെ, ഏറ്റവും കുറഞ്ഞ ചെലവിലും എളുപ്പത്തിലും അതിർത്തികൾക്കപ്പുറത്തേക്ക് പണമൊഴുക്ക് സുഗമമാക്കാൻ ഇത് സഹായിക്കും.
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ പ്രധാനമായും ആശ്രയിക്കുന്ന നേപ്പാളിലെ ചെറുകിട-വ്യാപാരികൾക്കും ഹോട്ടലുടമകൾക്കും ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കാനാകുന്നത് കച്ചവടം വേഗത്തിലാക്കാൻ സഹായിക്കും. ഇത് നേപ്പാളിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ രീതിയിലുള്ള ഉണർവ് സമ്മാനിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുടെ തദ്ദേശീയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐയുടെ അന്താരാഷ്ട്രതലത്തിലുള്ള വളർച്ചയ്ക്ക് അടിവരയിടുന്നതാണ് നേപ്പാളുമായുള്ള ഈ പുതിയ കരാർ. നേപ്പാളിന് പുറമേ നിലവിൽ സിംഗപ്പൂർ, യുഎഇ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക, കംബോഡിയ തുടങ്ങി ഒമ്പത് രാജ്യങ്ങളിൽ ഇന്ത്യൻ സഞ്ചാരികൾക്ക് യുപിഐ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനാകുന്നുണ്ട്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള വ്യാപാര-വിനോദസഞ്ചാര ബന്ധങ്ങൾക്കും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തിനും പുതിയൊരു തുടക്കമായി മാറും ഈ ഡിജിറ്റൽ സംയോജനം.
