ഹൂസ്റ്റണ്‍: ലോകകപ്പിൽ അന്പരപ്പ് സൃഷ്ടിച്ച് നവാഗതരായ കേപ് വെർദെ ലോകകപ്പിൽ നോക്കൗട്ടിലേക്ക്. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 5.30ന് നടന്ന ഗ്രൂപ്പ്-എച്ചിലെ നിർണായക പോരാട്ടത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് കേപ് വെർദെ ചരിത്രം സൃഷ്ടിച്ചത്.
സ്പെയിൻ, ഉറുഗ്വെ തുടങ്ങിയ വന്പൻമാർക്കെതിരെ സമനില നേടിയ കരുത്തുമായി ഇറങ്ങിയ കേപ് വെർദെ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാണ് നോക്കൗട്ടിലേക്ക് കടന്നത്. നോക്കൗട്ട് റൗണ്ടിൽ അർജന്റീനയാണ് കേപ് വെർദെയുടെ എതിരാളികൾ.
അതേസമയം ഗ്രൂപ്പ് മത്സരങ്ങളിൽ പരാജയപ്പെടാതെ മുന്നേറിയ മൂന്നാമത്തെ ആഫ്രിക്കൻ ടീം എന്ന സവിശേഷതയും കേപ് വെർദെ സ്വന്തമാക്കി. മൂന്ന് പോയിന്റാണ് കേപ് വെർദെയുടെ നേട്ടം. സൗദിക്കെതിരേ മികച്ച പ്രകടനമാണ് കേപ് വെർദെ പുറത്തെടുത്തത്. എന്നാൽ ഗോൾ അകന്നു.
അതേസമയം മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന കഠിന പോരാട്ടത്തിൽ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഗ്രൂപ്പ് -എച്ചിൽ ജേതാക്കളായി സ്പെയിൻ പ്രീക്വാർട്ടറിൽ കടന്നു. 42-ാം മിനിറ്റിൽ അലക്സ് ബെയ്നയാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. ഈ തോൽവിയോടെ മൂന്നാം സ്ഥാനക്കാരായി ഉറുഗ്വെ ലോകകപ്പിൽ നിന്ന് പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളിലും (കേപ് വെർദെ-സൗദി അറേബ്യ) സമനില നേരിട്ടതാണ് ഉറുഗ്വെക്ക് തിരിച്ചടിയായത്.
