ബോസ്റ്റണ്‍: ഈ ലോകകപ്പിലെ ഏറ്റവും മൂർച്ചയേറിയ ആക്രമണ നിരയുള്ള ഫ്രാൻസ് ഐ- ഗ്രൂപ്പിലെ കരുത്തരായ നോർവെയെ തകർത്ത് ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32ലേക്ക് ഗംഭീരമായി എത്തി.
ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30ന് യുഎസിലെ ബോസ്റ്റണ്‍ സ്റ്റേഡിയത്തിൽ നടന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ഫ്രഞ്ച് പട മിന്നും ജയം കാഴ്ചവച്ചത്. ഗ്രൂപ്പ് ഐ-യിൽ മൂന്ന് മത്സരങ്ങളിലും ജയിച്ച് തികഞ്ഞ ആധിപത്യം പുലർത്തി ഒന്‍പതു പോയിന്റുമായാണ് മുൻ ലോക ചാന്പ്യൻമാരായ ഫ്രാൻസിന്റെ മുന്നേറ്റം.
ചൊവ്വാഴ്ച ന്യൂജഴ്സിയിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരാകും ഫ്രാൻസിന്റെ എതിരാളികൾ. പരാജയപ്പെട്ടെങ്കിലും നേരത്തെ നോക്കൗട്ട് ഉറപ്പാക്കിയ നോർവെ ആറു പോയിന്റുമായി അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. ഐവറികോസ്റ്റിനെയാണ് നോർവെ നേരിടുക.
ഫ്രാൻസ്-നോർവെ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കുന്തമുനയായ ഉസ്മാൻ ഡെംബലെയുടെ ഉശിരൻ പ്രകടനമാണ് ഫ്രാൻസിന് വന്പൻ ജയം ഒരുക്കിയത്.
അവസാന നിമിഷം ഡെസിറെ ഡ്യൂവെയുടെ വകയായിരുന്നു ഫ്രാൻസിന്റെ നാലാമത്തെ ഗോൾ. ഫ്രാൻസിനായി സൂപ്പർതാരം കിലിയൻ എംബാപ്പെ രണ്ട് അസിസ്റ്റുകളുമായി നിറഞ്ഞാടി. തിയോ ആസ്ഗാർഡ് ആണ് നോർവെയുടെ ആശ്വാസ ഗോൾ നേടിയത്.
സൂപ്പർതാരങ്ങളായ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും നോർവെയുടെ എർലിംഗ് ഹാലണ്ടും തമ്മിലുള്ള വൻപോരാട്ടമായിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നോർവെ പരിശീലകൻ സ്റ്റെയൽ സോൾബാകെൻ എർലിംഗ് ഹാലണ്ടിനും മാർട്ടിൻ ഒഡേഗാർഡിനും വിശ്രമം അനുവദിക്കുകയായിരുന്നു.
