തൊടുപുഴ: പരിമിതിയിലും പരാധീനതയിലും കഴിയുന്ന സംസ്ഥാനത്തെ ഏക ഗ്രോതവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെ സ്നേഹിച്ച് നാലു വര്‍ഷമായി ആതുരശുശ്രൂഷ ചെയ്യുന്ന ഡോ. സഖില്‍ രവീന്ദ്രന് മാതൃകയാകുന്നു. ജില്ലയില്‍ പിന്നാക്ക മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമനം ലഭിക്കുന്ന ഡോക്ടര്‍മാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം മാറിപ്പോകുമ്പോഴാണ് ഇടമലക്കുടിയില്‍ രാപകല്‍ ഭേദമെന്യേ ഡോ. സഖിലിന്റെ സേവനം.
2018ല്‍ ഇവിടെ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത ഡോക്ടര്‍ ഇവിടെയുള്ളവരുടെ അസൗകര്യങ്ങളും ഇല്ലായ്മകളും നന്നേ തിരിച്ചറിഞ്ഞിരുന്നു. 2020ല്‍ ഇവിടെ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ 2022ല്‍ ഡോ. സഖില്‍ രവീന്ദ്രന് ഇവിടെ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റതോടെ എല്ലാവരുടെയും ഹൃദയത്തില്‍ ഇടം നേടിയെടുത്തു.
ഡോക്ടർക്കും ജീവനക്കാര്‍ക്കും ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ താമസിച്ചാണ് ഇവര്‍ സേവനമനുഷ്ഠിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കിലോമീറ്ററുകള്‍ അകലെയുള്ള ഉന്നതികളിലെത്തി അവര്‍ക്ക് ചികിത്സയും സാന്ത്വനവും പകര്‍ന്നു നല്‍കുന്നതിനും ഇവര്‍ കാണിക്കുന്ന ശുഷ്കാന്തി എടുത്തു പറയത്തക്കതാണ്.
ഗുരുതര രോഗം ബാധിച്ച് അവശനിലയിലായവരെ മഞ്ചലില്‍ ചുമന്ന് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാനും ഡോക്ടര്‍ മുന്‍പന്തിയിലുണ്ട്. ഈ സേവന സന്നദ്ധതയില്‍ മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമായ ശുശ്രൂഷയാണ് ഡോക്ടര്‍ ഇവിടത്തുകാര്‍ക്ക് പ്രിയങ്കരനാക്കുന്നത്. ഡോക്ടര്‍ സഖില്‍ കാണുന്നത് രോഗത്തെയല്ല, രോഗം വന്ന മനുഷ്യനെയാണ്. അതാണ് ഇദ്ദേഹത്തിന്റെ ശുശ്രൂഷയില്‍ കരുതലിന്റെ സ്പര്‍ശം ഉണ്ടാകാന്‍ കാരണം.
അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും ഇല്ലാതിരുന്ന ഇടമലക്കുടി ഗവ. ആശുപത്രിയില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനായതും ഡോക്ടറുടെ ഇടപെടല്‍ മൂലമാണ്. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് ഇത്തരം സൗകര്യങ്ങള്‍ ഇവിടെ സജ്ജമാക്കുന്നത്. ആദിവാസി ഉന്നതികളില്‍ കാഴ്ചപരിമിതിയുള്ളവരെ കണ്ടെത്തി ഇവര്‍ക്ക് ചികിത്സ നല്‍കാനുള്ള പദ്ധതി ജോയ് ആലൂക്കാസ് ഫൗണ്ടേഷന്റെയും തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയുടെയും സഹകരണത്തോടെ നടപ്പാക്കി വരുന്നുണ്ട്.
പഞ്ചായത്തിലുള്ളവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാനുള്ള പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. ഇതിനിടെ ഡോക്ടര്‍ സഖിലിന് സ്ഥലം മാറ്റം ലഭിച്ചെങ്കിലും അത് വേണ്ടെന്നുവച്ച് ഇവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.കാടിനെ സ്നേഹിക്കുന്ന ഡോ. സഖില്‍ പത്തു വര്‍ഷത്തോളമായി ഇടുക്കിയിലെ ട്രൈബല്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നത്.
ഇവിടെനിന്നുള്ള അനുഭവങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടു സിനിമകളും ഇദ്ദേഹം ഒരുക്കി. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലുമാണ്. ഗോത്രമേഖലയില്‍ കഴിയുന്ന കുട്ടിയുടെ വിദ്യാഭ്യാസത്തെ ഇതിവൃത്തമാക്കി 2021ല്‍ ഒരുക്കിയ “കാടകലം’ എന്ന സിനിമ മൂന്നു സംസ്ഥാന അവാര്‍ഡുകളാണ് നേടിയത്. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് “കുവി’ എന്ന പേരില്‍ സിനിമയൊരുക്കി. ഈ ചിത്രത്തിന് ജെ.സി. ഡാനിയേല്‍ പുരസ്കാരം ലഭിച്ചു.
അടുത്തതായി ഒരുക്കുന്ന ചിത്രവും ഗോത്രജനതയുടെ ജീവിതം തന്നെയാണ് പറയുന്നത്. വനത്തിനുള്ളില്‍ കഴിയുന്നവര്‍ക്ക് തങ്ങളുടെ പ്രായം കൃത്യമായി അറിയാത്തതിനാല്‍ ഇവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമ പ്രമേയമാക്കുന്നത്. ഇദ്ദേഹം ഒരുക്കിയ സിനിമകള്‍ ഏറെ പ്രേക്ഷക പ്രശംസയും നേടിയിരുന്നു.
ആലുവ അമ്പാട്ട്കാവ് മഠത്തില്‍ കുടുംബാംഗമാണ് ഡോ. സഖില്‍ രവീന്ദ്രന്. ഭാര്യ ഡോ. റാണി തിരുവനനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് സേവനം അനുഷ്ഠിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ രോഹനാണ് ഏകമകന്. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചശേഷം ഇവിടെനിന്നു മൂന്നു ദിവസം യാത്ര ചെയ്താണ് ഡോക്ടര്‍ ഇടമലക്കുടിയിലെത്തുന്നത്.
- ടി.പി. സന്തോഷ്കുമാര്‍
