കോന്നി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജ പീഡനാരോപണത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടല്‍ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നു പരാതി. രണ്ടു വര്‍ഷം മുന്‍പ് ബൈപാസ് സര്‍ജറിക്കു വിധേയനായ യുവാവിനാണ് പോലീസിന്റെ ക്രൂരത നേരിടേണ്ടി വന്നത്.
യൂണിഫോമിലല്ലാത്ത പോലീസുകാര്‍ എത്തി യുവാവിന്റെ സഹോദരനെയാണ് ആദ്യം ആളുമാറി കസ്റ്റഡിയിലെടുത്തത്.
പിന്നീട് ഇയാളെ വിട്ടയച്ച ശേഷമാണ് യുവാവിനെ പിടികൂടിയത്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച്, തറയില്‍ മുട്ടുകുത്തി ഇരുത്തിയ ശേഷം കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് തുടര്‍ച്ചയായി അടിച്ചതായി യുവാവ് വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നിനു രാത്രി കസ്റ്റഡിയിലെടുത്ത യുവാവിനെ പിറ്റേന്ന് വൈകുന്നേരമാണ് വിട്ടയച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉള്‍പ്പെടെ പരാതി നല്കാന് ഒരുങ്ങുകയാണ് യുവാവിന്റെ കുടുംബം.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂടല്‍ പോലീസ് കേസെടുത്തത്. സ്കൂളിലും സഹപാഠിയുടെ വീട്ടിലും ശുചിമുറിയിലുംവച്ച് 11 പേര്ചേര്ന്ന പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത ആറുപേരെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് നടത്തിയ പ്രാഥമിക വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതും കസ്റ്റഡിയിലുണ്ടായിരുന്ന സഹപാഠികളെ പോലീസ് വിട്ടയച്ചതും. കുട്ടികള്‍ തമ്മിലുള്ള വ്യക്തിപരമായ എന്തെങ്കിലും പ്രശ്നമാണോ ഇത്തരം ഒരു വ്യാജ പരാതിക്കു പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ആദ്യം ചൈല്‍ഡ് ലൈനിലാണ് പെണ്‍കുട്ടി വിവരമറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ട് കേസ് പോലീസിന് കൈമാറുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.
