ചെങ്ങന്നൂർ: ഐടി കമ്പനി പ്രതിനിധികളെന്ന വ്യാജേന ഓൺലൈൻ ടാസ്കുകൾ നൽകി വെൺമണി സ്വദേശിനിയായ യുവതിയിൽനിന്ന് പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്നംഗ സംഘത്തെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പാണിയങ്കര മണ്ണാത്തിക്കൽപറമ്പിൽ കബീറിന്റെ മകൻ തെജ്ബത്ത് (33), വളയനാട് മിർഫാ മൻസിലിൽ അലിക്കോയയുടെ മകൻ മുഹമ്മദ് ഹനീഫ (23), ഒളവണ്ണ എം.ജി. നഗറിൽ ഷിഫാസിൽ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഫാദിൽ (22) എന്നിവരാണ് പിടിയിലായത്.
ഇൻസ്റ്റഗ്രാമിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രതിനിധികളെന്ന വ്യാജേന പ്രതികൾ നൽകിയ പരസ്യം കണ്ടാണ് യുവതി ഇവരുമായി ബന്ധപ്പെടുന്നത്.പരസ്യത്തിലെ വാട്സ്ആപ്പ് നമ്പറിലേക്ക് സന്ദേശമയച്ച യുവതിയെ പ്രതികൾ പിന്നീട് ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർക്കുകയായിരുന്നു. തുടക്കത്തിൽ ചില ഓൺലൈൻ ടാസ്കുകൾ നൽകി വിശ്വാസം നേടിയെടുത്തു. തുടർന്ന് ക്യൂആർ കോഡുകൾ, ഫോൺപേ, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി പലതവണയായി പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു.
ഇത്തരത്തിലാണ് പത്തു ലക്ഷത്തോളം രൂപ യുവതിയിൽ നിന്ന് തട്ടിയെടുത്തത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതികൾ വിദേശരാജ്യങ്ങളിലടക്കം സന്ദർശനം നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വെൺമണി പോലീസ് എസ്എച്ച്ഒ പി.രാജേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഡി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, വിശാഖ് തമ്പി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
