കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിനു തുടര്‍ഭരണം ലഭിക്കാതെ പോയതിനെക്കുറിച്ചും തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത തോല്വിയുണ്ടായതിനെക്കുറിച്ചും സിപിഎം നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിആര്‍ പോലെ ഡിവൈഎഫ്ഐ പ്രവര്‍ത്തിച്ചു. എന്നിട്ടും ജില്ലയിലെ ഒമ്പതിടങ്ങളിലും എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
സംസ്ഥാന തലത്തില്‍ യുവാക്കള്‍ക്ക് സീറ്റുകള്‍ നല്കുന്നതില് പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടു. യുഡിഎഫ് ആകട്ടെ പുതുതലമുറയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയത്. ജില്ലയിലും സംസ്ഥാനത്തും ബിജെപി ശക്തമായ സാന്നിധ്യമായി മാറുകയാണെന്നും യുവജനങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് പ്രചാരണം ശക്തമാക്കുന്നതിനെ ഗൗരവതരമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ ജില്ലാ നേതൃത്വം സംഘടനാ രംഗത്ത് പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. 43 അംഗ ജില്ലാ കമ്മിറ്റി നിര്‍ജീവമാണ്. ജില്ലാ സെക്രട്ടറി ബി. സുരേഷ്കുമാര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. പൊതിച്ചോര്‍ വിതരണത്തിലും രക്തദാനത്തിലും മാത്രമായി സംഘടനാ പ്രവര്‍ത്തനം.
ജില്ലയിലെ ഒരു ജനകീയ വിഷയംപോലും പ്രത്യേകിച്ചു യുവജനങ്ങളുടെ വിഷയം ഏറ്റെടുക്കാന്‍ ജില്ലാ നേതൃത്വത്തിനു കഴിഞ്ഞില്ല. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പേരിനു പോലും കാമ്പയിന് നടത്താനായില്ല. ഭരണത്തിന്റെ ശീതള ച്ഛായയില്‍ യുവാക്കള്‍ അഭിരമിക്കുകയായിരുന്നെന്നും വിമര്‍ശനമുണ്ട്.
പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി. സുരേഷ്കുമാറാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംസ്ഥാന ട്രഷറര്‍ എസ്.ആര്. അരുണ്‍ബാബു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈകുന്നേരം പൊതുചര്‍ച്ച ആരംഭിച്ചു.
ഡോ. ഷിജുഖാന്, ജയ്ക് സി.തോമസ്, ചിന്ത ജെറോം, ആര്. ശ്യാമ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. നാളെ യുവജനറാലിയോടെ സമ്മേളനം സമാപിക്കും. 43 ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 347 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
