ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (22) മർദനമേറ്റു മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും കേസിന്റെ അന്വേഷണം നടക്കുക. ഹരിപ്പാട് പിലാപ്പുഴയിലുള്ള സാവരിയയുടെ വസതി സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ട കാര്യം വ്യക്തമാക്കിയത്.
പ്രതിക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാനും കുടുംബത്തിന് നീതി ലഭ്യമാക്കാനും സാധ്യമായ എല്ലാ നയതന്ത്ര-നിയമ ഇടപെടലുകളും ആഭ്യന്തര വകുപ്പ് നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന സാവരിയയെ, സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ ആനം നിരന്തരം മതം മാറ്റാൻ നിർബന്ധിച്ചിരുന്നതായി അവിടെയുള്ള മറ്റു വിദ്യാർഥികൾക്ക് അറിയാമായിരുന്നു എന്ന് ബന്ധുക്കൾ വെളിപ്പെടുത്തി.
ശരീരത്തിൽ ചതവേൽക്കാത്ത ഭാഗമില്ലാത്ത വിധം ക്രൂരമായാണ് പെൺകുട്ടിയെ മർദിച്ചതെന്നും, മുൻപും സാവരിയ ഇയാളുടെ മർദനത്തിന് ഇരയായിട്ടുണ്ടെന്നും വിവരമുണ്ട്. പ്രതി നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിൽ, തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നും ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനിൽനിന്നുള്ള വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ 20 ദിവസത്തോളം സമയമെടുക്കും.
കാമ്പസിന് പുറത്ത് വിദ്യാർഥികൾ താമസിക്കേണ്ടിവരുന്ന സുരക്ഷാവീഴ്ചയാണ് സംഭവത്തിനു കാരണമായതെന്ന ആക്ഷേപവും ശക്തമാണ്. സാവരിയയുടെ പിതാവ് ബസന്ത് നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് നേരത്തേ കേസെടുത്തിരുന്നു. പുതിയ പോസ്റ്റ്മോർട്ടം വിവരങ്ങളും പരാതിയും അടിസ്ഥാനമാക്കിയാകും ക്രൈംബ്രാഞ്ചിന്റെ അടുത്ത നടപടികൾ.
