പരവൂർ: ഓടുന്ന ട്രെയിനിനുള്ളിൽ വൻ സജ്ജീകരണങ്ങളോടെ പൂജ നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ രംഗത്ത്. ഐആർസിടിസി വഴി സ്വകാര്യവ്യക്തി വാണിജ്യ ആവശ്യത്തിനായി ബുക്ക് ചെയ്ത പ്രത്യേക ‘സലൂൺ കോച്ചിലാണ്’ പൂജ നടന്നതെന്ന് നോർത്തേൺ റെയിൽവേ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂലൈ പത്തിന് ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയ 12926 പശ്ചിം എക്സ്പ്രസ് ട്രെയിനിലായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. ജൂലൈ എട്ടിന് 3,08,580 രൂപ അഡ്വാൻസായി നൽകിയാണ് ഈ പ്രത്യേക കോച്ച് ബുക്ക് ചെയ്തതെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനിന്റെ നടുവിലിരുന്ന് പൂജാരി കാർമികത്വം വഹിക്കുന്നതും വെള്ളവസ്ത്രം ധരിച്ച ഒരുകൂട്ടം ആളുകൾ ഇതിൽ പങ്കാളികളാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
യാത്രക്കാരുടെ സുരക്ഷയ്ക്കും ട്രെയിൻ സർവീസിനുമായിരുന്നു തങ്ങൾ മുൻഗണന നൽകിയതെന്നും സമയനിഷ്ഠയും സുരക്ഷിതത്വവും പൂർണമായി ഉറപ്പുവരുത്തിയിരുന്നതായും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ആർക്കും യാതൊരുവിധ പരിക്കുകളോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
ഇന്ത്യൻ റെയിൽവേയിൽ യാത്രക്കാർക്കായി ഒരുക്കുന്ന ഏറ്റവും ആഡംബരമേറിയ സ്വകാര്യ കോച്ചുകളാണ് സലൂൺ കോച്ചുകൾ. റെയിൽവേ ലോകത്ത് പൊതുവെ സഞ്ചരിക്കുന്ന വീട് എന്നാണ് ഇവ അറിയപ്പെടുന്നത്. സാധാരണ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളിലാണ് ഇവ ഘടിപ്പിക്കുന്നതെങ്കിലും, ഉള്ളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് പൂർണമായ സ്വകാര്യത ഉറപ്പുനൽകുന്നതാണ് ഈ കോച്ചുകളുടെ പ്രത്യേകത.
