ചെന്പേരി: കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ ഫിലിപ്പ് (35) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സഹോദരി ഭർത്താവ് രമേശനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനവും കുടുംബപ്രശ്നങ്ങളുമാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.
കെട്ടിടനിർമാണ ജോലികൾക്ക് എത്തിയ ഇവർ വർഷങ്ങളായി പൂപ്പറമ്പിലെ വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. കൂടെ താമസിച്ചിരുന്ന മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി സംഭവം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കുടിയാന്മല പ്രിൻസിപ്പൽ എസ്ഐ ജോസ്, എസ്ഐമാരായ പ്രകാശൻ പടിക്കൽ, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിനാളുകൾ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.
