കൊച്ചി: കോണ്‍ഗ്രസില്‍ വീണ്ടും ബാനര്‍ യുദ്ധം. ഗവണ്മെന്റ് പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്യു തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ അലോഷ്യസ് സേവ്യറെ പിന്തുണച്ചുകൊണ്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.
‘കെഎസ്യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തില്‍ കെഎസ്യുവിന് കാര്യമുണ്ട്.
ചരിത്രം മറക്കാന്‍ ഞങ്ങള്‍ തയ്യാറല്ല… നിങ്ങളെ അനുവദിക്കുകയുമില്ല…’ എന്നെഴുതിയ പോസ്റ്റര്‍ ആണ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിലുള്ള ഒരു ബസ് സ്റ്റോപ്പിന് മുകളില്‍ പതിച്ചിരുന്നത്. ‘കെഎസ്യു എറണാകുളം എസി’ എന്ന പേരില്‍ ‘ജനാധിപത്യ ബോധത്തോടെ’ എന്ന വാചകത്തോടെയാണ് പോസ്റ്റര്‍ അവസാനിക്കുന്നത്.
ഇന്നലെ രാത്രിയാണ് അലോഷ്യസ് സേവ്യറെ പിന്തുണച്ചുകൊണ്ട് അസംബ്ലി ഭാരവാഹികളായ ബസില്‍ സമാന്, ഋതുപര്ണദേവ് എന്നിവര്‍ പോസ്റ്റര്‍ പതിച്ചത്. എന്നാല്‍ പുലര്‍ച്ചെ ഒരു വിഭാഗം കെഎസ്യുക്കാര് പോസ്റ്റര്‍ നീക്കം ചെയ്തു.പ്ലീഡര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയിലും ഭിന്നത തുടരുകയാണ്.
മുഖ്യമന്ത്രിയെ അനുകൂലിച്ചും അലോഷ്യസ് സേവ്യറെ അനുകൂലിച്ചും മുതിര്‍ന്ന നേതാക്കള്‍ അടക്കം പലരും രംഗത്തു വരുന്നുണ്ട്. ഇന്നലെ എറണാകുളം തേവരയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തെ കാണാനായി അലോഷ്യസ് സേവ്യര്‍ കാത്തു നിന്നുവെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ മടങ്ങിയിരുന്നു.
ഇതിന് പിന്നാലെ സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിച്ചത് തെറ്റാണെങ്കില്‍ അത് ആവര്‍ത്തിക്കുമെന്ന് അലോഷ്യസ് പ്രതികരിച്ചിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യു നേരത്തെ തന്നെ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കെഎസ്യുവിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
കെഎസ്യു ആരാണ് ഈ വിഷയത്തില്‍ നിലപാട് പറയാന്‍ എന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. പുതിയതായി നിയമിച്ച ഗവണ്മെന്റ് പ്ലീഡര്മാരില് ഒരാള്‍ മുന്‍ എസ്എഫ്ഐക്കാരനും മറ്റൊരാള്‍ മുന്‍ എബിവിപിക്കാരനുമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസില്‍ ഭിന്നത തുടരുകയാണ്.
